സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; ഗ്രാമിന് 20 രൂപ വര്‍ധിച്ചു

Monday, May 6, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. കഴിഞ്ഞ രണ്ട് ദിവസവും ഒരേ വില തുടർന്ന ശേഷമാണ് ഇന്ന് വില വർധിച്ചത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 6,605 രൂപയിലും പവന് 52,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6585 രൂപയിലും പവന് 52,680 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.

ഈ മാസത്തെ ഏറ്റവും ഉയർന്ന വില മെയ്‌ 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,625 രൂപയും പവന് 53,000 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില മെയ്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6555 രൂപയും പവന് 52,440 രൂപയുമാണ്. ഈ മാസം ആദ്യം സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 800 രൂപയാണ് ഒന്നാം തിയതി കുറഞ്ഞത്. വ്യാഴാഴ്ച 560 രൂപ ഉയർന്നു. വെള്ളിയാഴ്ച 400 രൂപ കുറഞ്ഞെങ്കിലും ശനിയാഴ്ച വില ഉയർന്നു. അതെ പ്രവണതയാണ് ഇന്നും വിപണിയിൽ തുടരുന്നത്. വില ഉയരുന്നത് വിവാഹ വിപണിക്കടക്കം സ്വർണാഭരണ ഉപഭോക്താക്കൾക്ക് തിരിച്ചടിയാണ്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും സ്വാധീനം ചെലുത്തുന്നത്. രാജ്യാന്തര പ്രതിസന്ധികള്‍ കുറഞ്ഞതോടെ ഇനി പലിശ നിരക്കുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ സ്വര്‍ണ വിലയെ സ്വാധീനിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 87 രൂപ നിരക്കിൽ വ്യാപാരം തുടരുന്നു.