സംസ്ഥാനത്ത് വിലയില്‍ പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണം. ഗ്രാമിന് ചരിത്രത്തില്‍ ആദ്യമായി 9000 രൂപ കടന്നു. പവന് 760 കൂടി 72,120 രൂപയായി അതേസമയം ഗ്രാമിന് 9015 രൂപയായി.
സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രം കുറിക്കുകയാണ്. ഇന്ന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 3,284 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 85.22 ലുമാണ്. 24 കാരറ്റ് സ്വര്‍ണ്ണവില കിലോഗ്രാമിന് ബാങ്ക് നിരക്ക് 1 കോടി രൂപ ആയിട്ടുണ്ട്. നിലവില്‍ ഇതുവരെ അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലും, താരിഫ് തര്‍ക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണ്ണവില കുറയാനുള്ള സാഹചര്യം ഇല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അന്താരാഷ്ട്ര ഈ കുതിപ്പിലാണെങ്കില്‍ താമസിയാതെ 3,500 ഡോളര്‍ കടന്നേക്കും. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തില്‍ മുതലിറക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്.
ഏപ്രില്‍ 30ന് എത്തുന്ന അക്ഷയതൃതീയ, ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകള്‍ വരുന്നതിനാല്‍ സ്വര്‍ണ്ണവില വര്‍ദ്ധിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കിലും, ജനങ്ങളുടെ വാങ്ങല്‍ ശക്തി കുറഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 9015 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.