തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒളിച്ചുകളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. സ്വര്‍ണ മോഷണത്തിന് പിന്നില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും പങ്കുള്ളതുകൊണ്ടാണ് ക്രിമിനല്‍ നടപടി സ്വീകരിക്കാതെ വിവരങ്ങള്‍ ഒളിച്ചുവയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അയ്യപ്പന്റെ സ്വര്‍ണം കവര്‍ച്ച ചെയ്തത് അതീവ ഗുരുതരമായ വിഷയമാണ്. യു.ബി. ഗ്രൂപ്പ് ശബരിമലയ്ക്ക് നല്‍കിയ സ്വര്‍ണ്ണത്തില്‍ എത്ര കിലോ കാണാതെ പോയി എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ‘സര്‍ക്കാരും ദേവസ്വം ബോര്‍ഡും തമ്മില്‍ കൂട്ടുകച്ചവടം നടത്തുകയാണ്. അതുകൊണ്ടാണ് ഒരു ക്രിമിനല്‍ നടപടി പോലും സ്വീകരിക്കാതെ ഈ മോഷണം ഒളിച്ചുവെക്കുന്നത്,’ സതീശന്‍ ആരോപിച്ചു.
സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവെക്കണം. കൂടാതെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ ഭരണപക്ഷം തള്ളിക്കളയുന്നതിനെക്കുറിച്ചും വി.ഡി. സതീശന്‍ പ്രതികരിച്ചു. ചോദ്യോത്തര വേള മുടക്കിയതിന്റെ പേരില്‍ പ്രതിപക്ഷത്തെ വിമര്‍ശിക്കുന്ന ഭരണപക്ഷത്തിന്, നേരത്തെ ആറ് തവണ ചോദ്യോത്തര വേള സ്തംഭിപ്പിച്ച ചരിത്രമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സഭയില്‍ നടത്തിയ പ്രസ്താവനകളെ വി ഡി സതീശന്‍ തമാശയോടെ തള്ളി. ശിവന്‍കുട്ടിയുടെ സഭയിലെ പ്രസ്താവന കേവലം തമാശ മാത്രമാണെന്നും ഈ ഗുരുതരമായ വിഷയത്തില്‍ തമാശപറഞ്ഞ് രക്ഷപ്പെടാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.