Sabarimala| സ്വര്‍ണ്ണപ്പാളി വിവാദം: ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ മെഗാ ഓഡിറ്റിങ്: 30 വര്‍ഷത്തെ സ്വര്‍ണ്ണം ഡിജിറ്റല്‍ രേഖയാക്കും

Jaihind News Bureau
Monday, September 29, 2025

ശബരിമലയിലെ സ്വര്‍ണ്ണപ്പാളികളുമായും സ്വര്‍ണ്ണ പീഠങ്ങളുമായും ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, ശബരിമല ഉള്‍പ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിലെ മുഴുവന്‍ വിലപിടിപ്പുള്ള വസ്തുക്കളുടെയും സമഗ്രമായ ഓഡിറ്റിങ് നടത്താന്‍ ദേവസ്വം ബോര്‍ഡ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ലഭിച്ച സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍, പൂജാപാത്രങ്ങള്‍ തുടങ്ങിയവയുടെ കണക്കെടുത്ത് ഡിജിറ്റല്‍ രേഖകള്‍ തയ്യാറാക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.

ശബരിമല ശ്രീകോവിലിന് മുന്‍പിലെ ദ്വാരപാലക ശില്‍പ്പങ്ങള്‍ പൊതിഞ്ഞിരുന്ന സ്വര്‍ണ്ണ പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതുമായി ബന്ധപ്പെട്ടും, പിന്നാലെ ശില്‍പ്പങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന സ്വര്‍ണ്ണ പീഠങ്ങള്‍ കാണാതായതുമായുമുള്ള വിവാദങ്ങള്‍ അടുത്ത കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

2019-ല്‍ സമര്‍പ്പിച്ച സ്വര്‍ണ്ണ പീഠത്തിന് അളവില്‍ വ്യത്യാസം ഉണ്ടായതിനാല്‍ അത് പുതുക്കി പണിത് നല്‍കാനായി വഴിപാടുകാരന് തിരികെ നല്‍കുകയായിരുന്നു. എന്നാല്‍, പീഠം കാണാതായ വിവരം ദേവസ്വം ബോര്‍ഡ് ആറ് വര്‍ഷക്കാലം അറിയാതിരുന്നത് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെട്ടു.

കൃത്യമായ ഇടവേളകളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും, കഴിഞ്ഞ മുപ്പത് വര്‍ഷത്തിലധികമായി ദേവസ്വം ബോര്‍ഡ് ഇത് സംബന്ധിച്ച കണക്കെടുപ്പുകളോ ഓഡിറ്റിംഗോ നടത്തിയിട്ടില്ല. ഇക്കാലയളവില്‍ നടവരവായി ലഭിച്ച ടണ്‍ കണക്കിന് സ്വര്‍ണ്ണവും വെള്ളിയും മറ്റ് സാമഗ്രികളും ദേവസ്വം സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നിലവില്‍ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനാണ് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്. ശബരിമലയില്‍ നടവരവായി ലഭിച്ച സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ളവയുടെ ഓഡിറ്റ് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നിലവിലുണ്ട്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തിന് മുന്‍പ് നല്‍കിയ ഹര്‍ജിയില്‍ ബന്ധപ്പെട്ടവര്‍ക്ക് കോടതി നോട്ടീസും നല്‍കിയിരുന്നു. കോടതിയുടെ ശക്തമായ നിലപാട് കൂടി കണക്കിലെടുത്താണ് ദേവസ്വം ബോര്‍ഡ് മെഗാ ഓഡിറ്റിങ്ങിന് ഒരുങ്ങുന്നത്.

ഇനി ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ അളന്ന് തിട്ടപ്പെടുത്തി സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിനോടൊപ്പം, അവയുടെ ഫോട്ടോഗ്രാഫ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ രേഖകള്‍ തയ്യാറാക്കി സൂക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അടുത്ത ദേവസ്വം ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.