സ്വര്‍ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഭൂമി ഇടപാടുകളില്‍ അന്വേഷണം തുടങ്ങി പോലീസ് രഹസ്യ അന്വേഷണ വിഭാഗം. ബ്ലെയ്ഡ് പലിശയ്ക്ക് പണം നല്‍കി പലയിടത്തും ഭൂമി ഏറ്റെടുത്തതായി വിവരം. മൂന്ന് വര്‍ഷത്തിനിടെ 30 ലധികം ഭൂമിക്കച്ചടവടങ്ങള്‍ നടത്തി. ശബരിമല ദ്വാരപാലക സ്വര്‍ണ്ണപാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ നാളെ ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്യും. അതേസമയം ദേവസ്വം ബോര്‍ഡിന്റെ അടിയന്തര യോഗം ഇന്ന് ചേരും.
ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തിന്റെ ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലിന് പിന്നാലെയാണ് ഈ നടപടി. തലസ്ഥാനത്ത് മാത്രം കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മാത്രം 30 കോടിയിലധികം രൂപയുടെ ഭൂമിയിടപാടുകള്‍ നടന്നതിന്റെ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്.
തലസ്ഥാനത്തെ ഇടപാടുകള്‍ക്ക് ഒരു മുന്‍ ദേവസ്വം കരാറുകാരനാണ് ഇടനിലക്കാരനായത്. സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലുമാണ് ഭൂമി ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. സ്വര്‍ണ്ണപ്പാളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് നാളെ ചോദ്യം ചെയ്യും. കിളിമാനൂര്‍ കാരേറ്റ് സ്വദേശിയായ ഇദ്ദേഹത്തിന്റെ ഇടപാടുകള്‍ ദുരൂഹമാണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണ്ണം പൂശിയതിലെ വിവാദത്തിലും, പീഠം കാണാതായതിലും ഉത്തരം കണ്ടെത്താനാണ് ചോദ്യം ചെയ്യല്‍.