തിരുവനന്തപുരം: നിയമസഭയില്‍ ദൗര്‍ഭാഗ്യകരമായ സംഭവമാണ് അരങ്ങേറിയതെന്നും, മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നാണ് പ്രകോപനമുണ്ടായതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ മുഖ്യമന്ത്രി കള്ളന്മാര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സഭയില്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ സ്ത്രീകളായ വാച്ച് ആന്‍ഡ് വാര്‍ഡിനെ മുന്‍നിര്‍ത്തിയെന്നും, സീറ്റിലിരുന്ന് മുഖ്യമന്ത്രി പ്രകോപനം സൃഷ്ടിച്ചതായും തങ്ങളുടെ അംഗങ്ങളെ അവഹേളിക്കുന്ന നിലയില്‍ മുഖ്യമന്ത്രി പെരുമാറിയതായും വി.ഡി. സതീശന്‍ പറഞ്ഞു. ഇതിനുപുറമെ മന്ത്രിമാരായ മുഹമ്മദ് റിയാസും സജി ചെറിയാനും രംഗത്തേക്ക് ഇറങ്ങുകയും പ്രതിപക്ഷത്തെ ശാരീരികമായി കൈകാര്യം ചെയ്യുമെന്ന് വെല്ലുവിളിക്കുകയും ചെയ്തു. മുഹമ്മദ് റിയാസ് നടുത്തളത്തില്‍ ഇറങ്ങിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ‘സ്വര്‍ണ്ണം കട്ടിട്ട് സ്വര്‍ണം ചെമ്പാക്കി മാറ്റിയിട്ട് വായതുറക്കാതെ മുഖ്യമന്ത്രി സഭയില്‍ പ്രതിപക്ഷത്തിനെതിരെ പ്രതികരിച്ചു. ഇത് കള്ളന്മാര്‍ക്ക് അനുകൂലമായ നിലപാടാണ്. ശബരിമലയിലെ കട്ടിളപ്പടിയും വാതിലും വരെ അടിച്ചുമാറ്റിയവരാണ് ഇവര്‍,’ അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ പോയി കപട ഭക്തി കാണിച്ച മുഖ്യമന്ത്രി ദ്വാരപാലക ശില്‍പ്പം കക്കുന്നതിന് കൂട്ടുനില്‍ക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
ദേവസ്വം മന്ത്രി രാജിവയ്ക്കുകയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പുറത്താക്കുകയും വേണം എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ഇത്രയും വലിയ കളവ് മൂടിവെച്ചിട്ട് വീണ്ടും ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിളിച്ച് ബാക്കി കക്കുവാന്‍ കളമൊരുക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രി തങ്ങളെ ഭീഷണിപ്പെടുത്തേണ്ടെന്നും കള്ളന്മാര്‍ക്ക് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഒരു ചര്‍ച്ചയുടെയും ആവശ്യം പ്രതിപക്ഷത്തിനില്ലെന്നും സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.