ഹരിയാനയിലെ ബി.ജെ.പി സർക്കാര്‍ കാലാവധി തികയ്ക്കില്ല ; ജെ.ജെ.പി പാലം വലിക്കുമെന്ന് ഭൂപീന്ദർ സിംഗ് ഹൂഡ

ഹരിയാനയിലെ ബി.ജെ.പി – ജെ.ജെ.പി സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ. ജെ.ജെ.പിയുടെ പൂര്‍വകാല ചരിത്രം പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും ഹൂഡ വ്യക്തമാക്കി. ഹരിയാനയിലെ ജനങ്ങള്‍ ആഗ്രഹിച്ചത് മറ്റൊന്നാണ്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിലൂടെ ജനവിധിയെ അപമാനിക്കുകയാണ് ജെ.ജെ.പി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ജന്‍നായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി) രൂപീകരിച്ച് പത്ത് മാസം പിന്നിട്ടപ്പോഴേക്കും മൂന്ന് സഖ്യങ്ങളില്‍ ഏർപ്പെട്ടുകഴിഞ്ഞു. ആം ആദ്മി പാർട്ടിയുമായും ബി.എസ്.പിയുമായും സഖ്യത്തില്‍ ഏർപ്പെട്ടിരുന്ന ജെ.ജെ.പിയാണ് ഇപ്പോള്‍ ബി.ജെ.പിയുമായി സഖ്യം പുലർത്തുന്നത്. അവരുടെ ട്രാക്ക് റെക്കോർഡ് പരിശോധിക്കുമ്പോള്‍ ഈ സഖ്യവും അധികം നീളില്ലെന്നത് വ്യക്തമാണ് – ഹൂഡ പറഞ്ഞു.

ഹരിയാനയില്‍ ബി.ജെ.പിക്കൊപ്പം ചേർന്നതിലൂടെ ജനങ്ങള്‍ ആഗ്രഹിച്ചതിന് വിരുദ്ധമായ നീക്കമാണ് ജെ.ജെ.പി നടത്തിയത്. ജനവിധിയെ മാനിക്കാത്ത പെരുമാറ്റത്തില്‍ ജെ.ജെ.പിക്കുള്ളിലും അമർഷം പുകയുന്നുണ്ട്. അധികാരത്തിലേറിയ സർക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും കാലാവധി തികയ്ക്കണമെന്നുമാണ് തന്‍റെ ആഗ്രഹമെങ്കിലും ഇരുപാര്‍ട്ടികളുടെയും ചരിത്രം പഠിക്കുമ്പോള്‍ ഇത് നടക്കുമെന്ന് തോന്നുന്നില്ലെന്ന് ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു. തനിക്കെതിരെ ജെ.ജെ.പി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ ബി.ജെ.പിക്കൊപ്പം കൂടിയതില്‍ അണികള്‍ക്കുള്ള അമർഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും ഹൂഡ തിരിച്ചടിച്ചു.

bjpharyanaJJPBhupinder Singh Hooda
Comments (0)
Add Comment