ഗോട്ട് ടൂര്‍… ഇതിഹാസമെത്തുന്നു; ലയണല്‍ മെസിയുടെ ഇന്ത്യാ സന്ദര്‍ശന പരിപാടികളുടെ പൂര്‍ണ്ണ പട്ടിക പുറത്ത്

Jaihind News Bureau
Thursday, December 11, 2025

 

ഡല്‍ഹി: ലോകമെമ്പാടുമുള്ള ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പരിപാടികളുടെ പൂര്‍ണ്ണ പട്ടിക പുറത്തുവന്നു. ഈ മാസം 13, 14, 15 തീയതികളിലാണ് മെസി രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ സംബന്ധിക്കുക.

ഡിസംബര്‍ 13-ന് പുലര്‍ച്ചെ 1.30-ന് അര്‍ജന്റീന നായകന്‍ കൊല്‍ക്കത്തയില്‍ വിമാനമിറങ്ങും. മിയാമിയില്‍ നിന്ന് ദുബായ് വഴിയുള്ള ജെറ്റ് വിമാനത്തിലാണ് മെസി എത്തുക. മെസിക്കൊപ്പം യുറുഗ്വെ ഇതിഹാസം ലൂയീസ് സുവാരസ്, അര്‍ജന്റീനന്‍ സഹതാരം റോഡ്രിഗോ ഡി പോള്‍ എന്നിവരും ഇന്ത്യയിലെത്തും. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് പ്രധാനമായും പരിപാടികള്‍ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസി കൂടിക്കാഴ്ച നടത്തും, കൂടാതെ സൗഹൃദ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

‘ഗോട്ട് ടൂര്‍’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ടിക്കറ്റ് നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ ഒഴികെയുള്ള നഗരങ്ങളില്‍ 4,500 രൂപ മുതലാണ് ടിക്കറ്റ് വില ആരംഭിക്കുന്നത്. മുംബൈയില്‍ നിരക്ക് 8,250 രൂപ മുതലാണ്.

പരിപാടികളുടെ വിശദാംശങ്ങള്‍

ഡിസംബര്‍ 13 (കൊല്‍ക്കത്ത, ഹൈദരാബാദ്)

  • പുലര്‍ച്ചെ 1.30: കൊല്‍ക്കത്തയില്‍ വിമാനമിറങ്ങും.
  • രാവിലെ 9.30 – 10.30: മീറ്റ് ആന്‍ഡ് ഗ്രീറ്റ് പ്രോഗ്രാം.
  • 10.30 – 11.15: മെസിയുടെ പൂര്‍ണ്ണകായ ശില്‍പ്പത്തിന്റെ ഉദ്ഘാടനം.
  • 11.30: യുവ ഭാരതി സ്റ്റേഡിയത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനുമൊത്തുള്ള പരിപാടി.
  • ഉച്ചയ്ക്ക് 12.00: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബി.സി.സി.എ തലവന്‍ സൗരവ് ഗാംഗുലി എന്നിവര്‍ മെസിക്കൊപ്പം സ്റ്റേഡിയത്തിലുണ്ടാകും.
  • വൈകീട്ട് 7.00: ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ മെസി പങ്കെടുക്കുന്ന സെവന്‍സ് ഫുട്‌ബോള്‍. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സൗഹൃദ പോരാട്ടത്തില്‍ കളിക്കും. തുടര്‍ന്ന് സംഗീത നിശ അരങ്ങേറും.

ഡിസംബര്‍ 14 (മുംബൈ)

  • വൈകീട്ട് 3.30: ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയില്‍ (സി.സി.ഐ.) പഡല്‍ കപ്പ് പോരാട്ടം.
  • 4.00: സെലിബ്രിറ്റി ഫുട്‌ബോള്‍ പോരാട്ടത്തില്‍ സാന്നിധ്യം.
  • 5.00: വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ചാരിറ്റി ഫാഷന്‍ ഷോയില്‍ പങ്കാളിത്തം.

ഡിസംബര്‍ 15 (ഡല്‍ഹി)

  • കൂടിക്കാഴ്ച: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
  • ഉച്ചയ്ക്ക് 1.30: അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ മിനര്‍വ അക്കാദമിയിലെ താരങ്ങളുമായി ആശയവിനിമയം. ഇതിന് ശേഷം മെസി മടങ്ങും.

ഇത് രണ്ടാം തവണയാണ് മെസി ഇന്ത്യയിലെത്തുന്നത്. നേരത്തെ 2011-ല്‍ കൊല്‍ക്കത്തയില്‍ വെനസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തിനായാണ് താരം ആദ്യമായി ഇന്ത്യന്‍ മണ്ണിലെത്തിയത്.