ഗോവ നിശാക്ലബ് തീപിടുത്തം: ഒളിവില്‍പോയ ഉടമകളെ തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലെത്തിക്കും, പാസ്പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം

Jaihind News Bureau
Saturday, December 13, 2025

ഗോവയിലെ നിശാ ക്ലബ്ബിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ തായ്‌ലൻഡിലേക്ക് രക്ഷപ്പെട്ട ക്ലബ് ഉടമകളായ ലുത്ര സഹോദരങ്ങളെ തായ്ലന്‍ഡ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഉടന്‍ തന്നെ സംയുക്ത അന്വേഷണ സംഘം പ്രതികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യാഴാഴ്ച അറിയിച്ചു. ഇവരുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കാനുള്ള ഗോവ സര്‍ക്കാരിന്റെ അഭ്യര്‍ഥന വിദേശകാര്യ മന്ത്രാലയം പരിഗണിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.

ഗോവയിലെ വടക്കന്‍ മേഖലയിലെ ആര്‍പോറ ഗ്രാമത്തിലുള്ള ‘ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍’ എന്ന നിശാക്ലബ്ബില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി 11.45 ഓടെയാണ് വന്‍ തീപിടുത്തമുണ്ടായത്. ഡല്‍ഹിയില്‍ നിന്നുള്ള നാലുപേരടക്കം 25 പേര്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീപിടുത്തം നടക്കുമ്പോള്‍ തന്നെ ഉടമകളായ സഹോദരങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചെ 1.17ന് തായ്ലന്‍ഡിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയും അതേ ദിവസം രാവിലെ 5.30ന് വിമാനം കയറുകയും ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് ഏകദേശം 24 മണിക്കൂറിന് ശേഷമാണ്.

അനുമതികള്‍ക്കായി അപേക്ഷിക്കുമ്പോള്‍ ക്ലബ് ഉടമകള്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് വ്യാജ കരാര്‍ സമര്‍പ്പിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഈ രേഖകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ചീഫ് ജനറല്‍ മാനേജര്‍, ഗേറ്റ് മാനേജര്‍, ബാര്‍ മാനേജര്‍, ജനറല്‍ മാനേജര്‍ എന്നിവര്‍ ഞായറാഴ്ച അറസ്റ്റിലായി. തിങ്കളാഴ്ച ഭരത് സിംഗ് കോഹ്ലിയെയും, ബുധനാഴ്ച സഹ ഉടമ അജയ് ഗുപ്തയെയും ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇതുവരെ 50 സാക്ഷികളുടെ മൊഴിയെടുത്തതായി പോലീസ് അറിയിച്ചു.