ന്യൂഡൽഹി: അഞ്ച് രാജ്യങ്ങളിലെ പര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ തിരിച്ചെത്തിയതിന് പിന്നാലെ, രാജ്യത്തെ അടിയന്തര വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. മണിപ്പൂരിലെ കലാപം, ഗുജറാത്തിലെ പാലം തകർച്ച തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ജയറാം രമേശാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
“അദ്ദേഹം ഇപ്പോൾ ഇവിടെയുണ്ടല്ലോ. രണ്ട് വർഷത്തിലേറെയായി ജനങ്ങൾ കാത്തിരിക്കുന്ന മണിപ്പൂർ സന്ദർശിക്കാൻ അദ്ദേഹത്തിന് സമയം കണ്ടെത്താം. പഹൽഗാം ഭീകരരെ എന്തുകൊണ്ട് ഇതുവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ലെന്ന് പരിശോധിക്കാം. സ്വന്തം സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയെക്കുറിച്ച് ചിന്തിക്കാം. പ്രളയത്തിൽ തകർന്ന ഹിമാചൽ പ്രദേശിന് സഹായം അനുവദിക്കാം,” ജയറാം രമേശ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ഗുജറാത്തിലെ വഡോദര ജില്ലയിൽ നാല് പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗം തകർന്ന് മഹിസാഗർ നദിയിലേക്ക് വാഹനങ്ങൾ പതിക്കുകയും, രണ്ട് സഹോദരങ്ങളടക്കം 13 പേർ മരിക്കുകയും ചെയ്ത സംഭവത്തിന് തൊട്ടുപിന്നാലെയാണ് ജയറാം രമേശിന്റെ ഈ പ്രതികരണം.
സാധാരണക്കാരുടെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനായി ജിഎസ്ടിയിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിലും പ്രധാനമന്ത്രിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് രമേശ് കൂട്ടിച്ചേർത്തു. “ചില പ്രിയപ്പെട്ട വൻകിട ബിസിനസ് ഗ്രൂപ്പുകൾക്ക് പുറമെ മറ്റ് കമ്പനികളിൽ നിന്നും സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാം,” അദ്ദേഹം പറഞ്ഞു.
“ഒരു മാറ്റത്തിനായി, വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അജണ്ട തീരുമാനിക്കാൻ ഒരു സർവകക്ഷി യോഗം വിളിച്ചുചേർക്കാവുന്നതാണ്,” എന്നും അദ്ദേഹം നിർദ്ദേശിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 21-ന് ആരംഭിക്കും.
കഴിഞ്ഞയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് രാജ്യങ്ങളിലെ പര്യടനത്തിനായി പുറപ്പെട്ടത്. ഘാനയിൽ നിന്ന് ആരംഭിച്ച യാത്ര പിന്നീട് ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന എന്നിവിടങ്ങളിലൂടെ കടന്നുപോയി. തുടർന്ന് ബ്രസീലിൽ നടന്ന 17-ാമത് ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുത്ത ശേഷം നമീബിയ സന്ദർശിച്ചാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയത്.