എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ പോലെ ശരണംവിളികളും സ്വാമിമാരുമില്ലാതെ ആഗോള അയ്യപ്പ സംഗമം. സംഗമത്തില്‍ പങ്കെടുക്കാനെത്തിയത് 2500 ഓളം പ്രതിനിധികള്‍ മാത്രം. ചര്‍ച്ചകളും പങ്കാളിത്ത കുറവും കൊണ്ട് സംഗമം വെറും പ്രഹസനമായി മാറി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ആഗോള അയ്യപ്പ സംഗമം എന്ന പേരില്‍ 7 കോടിയില്‍ പരം രൂപ ചിലവില്‍ ആഗോള അയ്യപ്പ സംഗമം പമ്പയില്‍ സംഘടിപ്പിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് സംഘാടകര്‍ എന്ന് പറയുമ്പോഴും ഒരു പാര്‍ട്ടി പരിപാടിയുടെ മട്ടിലും ഭാവത്തിലുമാണ് സംഗമം നടന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമായി 3500 പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടിരുന്നതെങ്കിലും സദസില്‍ കേരളം തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏതാനും ഭക്തരും ഏറെയും നീല ടാഗുകള്‍ ധരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്. കറുപ്പണിഞ്ഞ് മാലയിട്ട ശബരിമല തീര്‍ത്ഥാടകര്‍ പോലും സംഗമത്തില്‍ പങ്കെടുത്തില്ല. ശരണം വിളികളാല്‍ മുഖരിതമാകാത്ത അന്തരീക്ഷത്തില്‍ ഒരു പക്ഷെ പമ്പയില്‍ നടന്ന ആദ്യ ചടങ്ങും ആഗോള അയ്യപ്പ സംഗമമാകാനാണ് സാധ്യത.
പണക്കൊഴുപ്പിന്റെ ബലത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റി അത്യാഡംബരപൂര്‍വ്വമായി അയ്യപ്പ സംഗമം സംഘടിപ്പിച്ചെങ്കിലും നിലവിളക്ക് കൊളുത്തുമ്പോഴെങ്കിലും ശരണ മന്ത്രങ്ങള്‍ ഉരുവിടാന്‍ നാല് സ്വാമി വേഷക്കാരെ ഏര്‍പ്പാട് ചെയ്യാന്‍ ശ്രദ്ധിച്ചില്ല. സംഗമത്തില്‍ പങ്കെടുത്ത വരില്‍ 1500 ഓളം പേരും വിവിധ സര്‍ക്കാര്‍ ജീവനക്കാരാണെന്ന് ഇവരുടെ കഴുത്തിലെ ടാഗ് കണ്ടാല്‍ ബോധ്യമാവും. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ ഉടന്‍ തന്നെ പങ്കെടുത്തവരിലധികവും സ്ഥലം വിട്ടതോടെ ചര്‍ച്ചകള്‍ പ്രഹസനമായി. ചുരുക്കിപ്പറഞ്ഞാല്‍ മൂന്ന് ഹാളുകളിലായി 250 ഓളം ആളുകള്‍ ചേര്‍ന്ന് ചര്‍ച്ച നടത്തിയ പരിപാടി സംഘടിപ്പിക്കാന്‍ ചിലവഴിച്ച തുക കോടിയിലധികമോ കുറവോ എന്നേ ഇനി അറിയാനുള്ളു.