ശബരിമലയെ സ്ഥിരം വിവാദകേന്ദ്രമായി നിലനിര്‍ത്താനും, വികസനമെന്ന പേരില്‍ തങ്ങളുടെ കച്ചവടതാല്‍പ്പര്യം സംരക്ഷിക്കാനും ഏതാനും പേര്‍ ചേര്‍ന്നു നടത്തിയ തട്ടിപ്പിനെ തള്ളിക്കളഞ്ഞ വിശ്വാസി സമൂഹത്തെ ആദരവോടെ അഭിനന്ദിക്കുന്നുവെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ. അയ്യപ്പ സംഗമത്തിന് ബദല്‍ സംഗമം പ്രഖ്യാപിച്ച കേരളാ ബി ജെ പി അഥവാ സിജെപിയുടെ മുഖത്തേറ്റ അടിയാണ് അയ്യപ്പ സംഗമത്തിലെ യോഗി ആദിത്യനാഥിന്റെ അദൃശ്യ സാന്നിദ്ധ്യം. സുപ്രധാന വിഷയങ്ങളില്‍ കേരളാ ബി ജെ പി യുടെ നിലപാടുകളെ ബിജെപി കേന്ദ്ര നേതൃത്വം അവജ്ഞയോടെ തള്ളുന്നത് ആദ്യ സംഭവമല്ല. കേരളാ സിപിഎമ്മും കേന്ദ്ര ബിജെപിയും തമ്മിലുള്ള രഹസ്യ ബാന്ധവങ്ങള്‍ അയ്യപ്പ സംഗമത്തിന്റെ പേരില്‍ അരക്കിട്ടുറപ്പിക്കലാണ് ഇന്നു നടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തീവ്ര വര്‍ഗീയതയും ന്യൂനപക്ഷ ഉന്മൂലന സിദ്ധാന്തങ്ങളും കൊണ്ട് കുപ്രസിദ്ധി നേടിയ യോഗി, വരുംകാലങ്ങളില്‍ ബിജെപിയുടെ രാഷ്ട്രീയ മുഖം കൂടിയാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സംഘ പരിവാര്‍ അജണ്ട സമര്‍ത്ഥമായി നടപ്പാക്കുന്ന യോഗിയുടെ ആശംസയെ പ്രശംസയായി കാണുന്ന സിപിഎം, ഈ സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങളോടും, മതേതര വിശ്വാസികളോടും പറയാന്‍ ഉദ്ദേശിക്കുന്നത് എന്തെന്ന് അവര്‍ തന്നെ വ്യക്തമാക്കണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
അയ്യപ്പ സംഗമം നടന്ന വിശുദ്ധമായ സ്ഥലത്തെ കളങ്കപ്പെടുത്തും വിധം പിണറായി സ്തുതി നടത്തുകയും, കോണ്‍ഗ്രസിനെ ആക്ഷേപിക്കുകയും ചെയ്ത ചില സമുദായ നേതാക്കളുടെ രാഷ്ട്രീയ പ്രസ്താവനകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ കേരളം തള്ളിക്കളയുമെന്ന് ഉറപ്പാണ്. കോടിക്കണക്കിനു രൂപാ ധൂര്‍ത്തടിച്ച് നടത്തിയ രാഷ്ട്രീയ അയ്യപ്പ സംഗമം അമ്പേ പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാന്‍ കോണ്‍ഗ്രസിന്റെയും യുഡിഎറിന്റെയും മേല്‍ കുതിര കയറാന്‍ ആരും വരേണ്ടതില്ലെന്ന് അവരെ ഓര്‍മ്മിപ്പിക്കുന്നു.ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ കെല്പുള്ളതാണ് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വങ്ങള്‍.
ശബരിമലയെ രാഷ്ട്രീയ ഗിമ്മിക്കുകളുടെ വേദിയാക്കാനുള്ള ശ്രമം വിശ്വാസികള്‍ അംഗീകരിക്കില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു.പരാജയങ്ങളില്‍ നിന്ന് പരാജയങ്ങളിലേക്ക് കൂപ്പുകുത്തുന്ന ഈ സര്‍ക്കാരിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് അയ്യപ്പ സംഗമം എന്ന തട്ടിക്കൂട്ട് പരിപാടി.ശബരിമലയെ ചൂഴ്ന്നു നില്‍ക്കുന്ന സ്വര്‍ണ്ണപ്പാളി വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുമെന്നും എ പി അനില്‍കുമാര്‍ പറഞ്ഞു.