അയ്യപ്പ സംഗമത്തില്‍ ആളുണ്ടായിരുന്നു എന്ന വിചിത്ര വാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഒരു കൂട്ടം മാധ്യമങ്ങള്‍ സംഗമത്തിനെതിരെ പ്രവര്‍ത്തിച്ചു. പ്രചരിക്കുന്ന ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ എഐ ദൃശ്യങ്ങള്‍ എന്നുമാണ് ഗോവിന്ദന്റെ വിചിത്ര വാദം. സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് വീമ്പിളക്കാനും എം.വി ഗോവിന്ദന് മറന്നില്ല. സംഗമം പരാജയമെന്ന് വരുത്തി തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിക്കുകയാണ് മാധ്യമങ്ങളെന്നും അദ്ദേഹം രൂക്ഷഭാഷയില്‍ തട്ടിക്കയറി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ആഗോള അയ്യപ്പ സംഗമം എന്ന പേരില്‍ 7 കോടിയില്‍ പരം രൂപ ചിലവില്‍ ആഗോള അയ്യപ്പ സംഗമം പമ്പയില്‍ സംഘടിപ്പിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് സംഘാടകര്‍ എന്ന് പറയുമ്പോഴും ഒരു പാര്‍ട്ടി പരിപാടിയുടെ മട്ടിലും ഭാവത്തിലുമാണ് സംഗമം നടന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമായി 3500 പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടിരുന്നതെങ്കിലും സദസില്‍ കേരളം തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏതാനും ഭക്തരും ഏറെയും നീല ടാഗുകള്‍ ധരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്. കറുപ്പണിഞ്ഞ് മാലയിട്ട ശബരിമല തീര്‍ത്ഥാടകര്‍ പോലും സംഗമത്തില്‍ പങ്കെടുത്തില്ല. ശരണം വിളികളാല്‍ മുഖരിതമാകാത്ത അന്തരീക്ഷത്തില്‍ ഒരു പക്ഷെ പമ്പയില്‍ നടന്ന ആദ്യ ചടങ്ങും ആഗോള അയ്യപ്പ സംഗമമാകാനാണ് സാധ്യത.