പ്രശസ്ത നടൻ ജികെ പിള്ള അന്തരിച്ചു

Jaihind Webdesk
Friday, December 31, 2021

 

തിരുവനന്തപുരം : പ്രശസ്ത നടൻ ജികെ പിള്ള (97) അന്തരിച്ചു. തിരുവനന്തപുരം ഇടവയിലെ വീട്ടിലായിരുന്നു അന്ത്യം. സ്നേഹസീമ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്കുള്ള കടന്നുവരവ്. മുന്നൂറിലധികം സിനിമകളിൽ വേഷമിട്ട ജികെ പിള്ള നിരവധി സീരിയലുകളിലും അഭിനയിച്ചു.

1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമ ആണ് ആദ്യചിത്രം. കൂടപ്പിറപ്പ്, മന്ത്രവാദി,പട്ടാഭിഷേകം, സ്ഥാനാര്‍ത്ഥി സാറാമ്മ, നായരു പിടിച്ച പുലിവാല്‍, ഉമ്മിണിത്തങ്ക, ജ്ഞാന സുന്ദരി, എഴുതാത്ത കഥ, ആരോമലുണ്ണി, തച്ചോളി അമ്പു, കൊച്ചിന്‍ എക്സ്പ്രസ്, വല്യേട്ടന്‍, കാര്യസ്ഥന്‍ എന്നിവയാണ്  പ്രമുഖ സിനിമകൾ. സ്വപ്നം, അമ്മമനസ്സ്, കുങ്കുമപ്പൂവ് അടക്കം നിരവധി ടിവി പരമ്പരകളിലും അഭിനയിച്ചു. 2011-ല്‍ പ്രേംനസീര്‍ അവാര്‍ഡ് ലഭിച്ചു.

ഗോവിന്ദപിളളയുടെയും ജാനകിയമ്മയുടെയും മകനായി 1925 ല്‍ തിരുവനന്തപുരത്ത് ചിറയിന്‍കീഴിലാണ് ജനനം. പതിനാറാംവയസ്സില്‍ പട്ടാളത്തില്‍ ചേർന്ന ജി കെ പിള്ള പതിമൂന്ന് വർഷം സൈനിക സേവനം അനുഷ്ഠിച്ചു. ഇതിന് ശേഷമാണ് അഭിനയ രംഗത്തേക്കുള്ള കടന്നുവരവ്.

ഭാര്യ ഉത്പലാക്ഷിയമ്മ 2011 ല്‍ മരണപ്പെട്ടു. കെ പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍ നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി പിളള, ചന്ദ്രമോഹനന്‍, പ്രിയദര്‍ശന്‍ എന്നിവർ മക്കളാണ്.