ദുരൂഹ സാഹചര്യത്തില്‍ വിദ്യാർത്ഥിനിയുടെ മരണം, അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കുറിപ്പ്; യുദ്ധക്കളമായി തമിഴ്നാട്ടിലെ കല്ലാക്കുറിച്ചി

Jaihind Webdesk
Sunday, July 17, 2022

 

ചെന്നൈ: പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് തമിഴ്നാട് കല്ലാക്കുറിച്ചിയിൽ വിദ്യാർത്ഥി യുവജനസംഘടനകൾ നടത്തിവന്ന സമരം വന്‍ സംഘർഷത്തില്‍ കലാശിച്ചു. കല്ലാക്കുറിച്ചി ചിന്നസേലം കനിയമൂര്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ശക്തി മെട്രിക്കുലേഷന്‍ സ്‌കൂളിന് സമീപത്താണ് വലിയ പ്രതിഷേധമുണ്ടായത്. സ്‌കൂളിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാര്‍ സ്‌കൂള്‍ കെട്ടിടം അടിച്ചുതകര്‍ത്തു. നിരവധി ബസുകളും  വാഹനങ്ങളും പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി. കലാപം നിയന്ത്രിക്കാനായി പോലീസിന് ആകാശത്തേക്ക് വെടിയുതിർക്കേണ്ടി വന്നു.

ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി കഴിഞ്ഞ ചൊവ്വാഴ്ച ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു. സ്കൂളിലെ രണ്ട് അധ്യാപകർ മാനസികമായി പീഡിപ്പിച്ചിരുന്നതായി കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ആവശ്യപ്പെട്ട് അന്ന് മുതൽ വിവിധ വിദ്യാർത്ഥി, യുവജന സംഘടനകൾ സമരത്തിലാണ്. കുറ്റാരോപിതരായ അധ്യാപകരെ പൊലീസ് മൊഴിയെടുത്ത ശേഷം വിട്ടയച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യണമെന്നും കേസ് സിബിസിഐഡിക്ക് കൈമാറണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

 

 

ഞായറാഴ്ച രാവിലെയോടെ പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. പോലീസ് ബാരിക്കേ‍‍ഡ് തകർത്ത് സ്കൂൾ കോമ്പൗണ്ടില്‍ പ്രവേശിച്ച സമരക്കാർ സ്കൂള്‍ കെട്ടിടത്തിന് നേരെ കല്ലെറിയുകയും അടിച്ചുതകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. പോലീസിന് നേർക്കും  കല്ലേറുണ്ടായി. നിർത്തിയിട്ടിരുന്ന നിരവധി ബസുകൾ തകർക്കുകയും തീയിടുകയും ചെയ്തു. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. പോലീസ് വാനിനും സമരക്കാർ തീയിട്ടു. നിരവധി സമരക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

 

 

അതേസമയം വിദ്യാർത്ഥിനിയുടെ മരണത്തില്‍ അടിമുടി ദുരൂഹതകളുണ്ടന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബുധനാഴ്ച രാവിലെയാണ് പെണ്‍കുട്ടി കെട്ടിടത്തില്‍നിന്ന് വീണതായി സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളെ അറിയിച്ചത്. അരമണിക്കൂറിനുള്ളില്‍ പെണ്‍കുട്ടി മരിച്ചതായും ഫോണില്‍ വിളിച്ചറിയിച്ചു. എന്നാല്‍ സ്‌കൂളില്‍നിന്ന് ആംബുലന്‍സിന് പകരം മറ്റൊരു വാഹനത്തിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. പോലീസിനെ അറിയിക്കാതെയാണ് സ്‌കൂള്‍ അധികൃതര്‍ മൃതദേഹം കല്ലാക്കുറിച്ചി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി എത്തിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ സംബന്ധിച്ചും കുടുംബം സംശയം ഉന്നയിക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ കല്ലാക്കുറിച്ചിയില്‍ ഉയർന്ന പ്രക്ഷോഭം ഇപ്പോഴും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.