തസ്മിത് തംസുവിനെ കാണാതായിട്ട് 24 മണിക്കൂര്‍; കുട്ടി ചെന്നൈയിലേക്കു പോയതായി സംശയം, വ്യാപക തിരച്ചിലിന് ആർപിഎഫ്

 

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ അസം സ്വദേശിയായ 13 വയസുകാരിക്കായി വ്യാപക തിരച്ചില്‍. കുട്ടി ചെന്നൈയിലേക്കു പോയതായാണ് പോലീസിന്‍റെ സംശയം. കന്യാകുമാരിയിൽനിന്ന് തിരുനെൽവേലി റൂട്ടിൽ ചെന്നൈയിലേക്കു കുട്ടി പോയിരിക്കാമെന്നാണ് നിഗമനം. ചെന്നൈയിൽ എത്തുന്നതിനു മുൻപ് കുട്ടിയെ കണ്ടെത്താനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. ആർപിഎഫിന്‍റെയും തമിഴ്നാട് റെയിൽവേ പോലീസിന്‍റെയും സംയുക്ത സംഘമാണ് തിരച്ചിൽ നടത്തുന്നത്. ചെന്നൈ ഭാഗത്തേക്കു പോകുന്ന ട്രെയിനുകളിൽ വിശദമായ തിരച്ചിൽ നടത്താനാണ് തീരുമാനം.

കുട്ടി ലോക്കൽ കംപാർട്ട്മെന്‍റിൽ ആയിരിക്കാനാണ് സാധ്യത കൂടുതൽ. പെൺകുട്ടിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു. പെൺകുട്ടിയെ കന്യാകുമാരിയില്‍ കണ്ടതായി ഓട്ടോറിക്ഷ ഡ്രെെവർമാർ പോലീസിന് വിവരം നല്‍കി. തുടർന്ന് കേരള പോലീസ് തമിഴ്നാട്ടിൽ അന്വേഷണം ആരംഭിച്ചു. കന്യാകുമാരി റെയിൽവേ സ്റ്റേഷനിലും പരിശോധന നടത്തിയതായി പോലീസ് അറിയിച്ചു.

രാവിലെ 5.30ന് റെയില്‍വേ സ്റ്റേഷന്‍റെ പുറത്ത് കുട്ടി നിൽക്കുന്നതായി കണ്ടിരുന്നെന്ന് വിവരം ലഭിച്ചു. തമിഴ്നാട് പോലീസും വിവിധയിടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ബംഗളുരു – കന്യാകുമാരി ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്ന ചിത്രം പോലീസിന് ലഭിച്ചിരുന്നു. ട്രെയിനിലിരുന്ന് കരയുന്നത് ശ്രദ്ധിച്ച യാത്രക്കാരിയായ ബബിതയാണ് പെൺകുട്ടിയുടെ ചിത്രം പകർത്തിയത്. തുടർന്ന് ഒരു പെൺകുട്ടിയെ കാണാതായ വാർത്ത അറിഞ്ഞതോടെ സംശയം തോന്നി ചിത്രം പോലീസിനു കൈമാറുകയായിരുന്നു. കുടുംബത്തെ ചിത്രം കാണിച്ച് പെൺകുട്ടിയാണെന്ന് പോലീസ് ഉറപ്പിച്ചു.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് കഴക്കൂട്ടത്തെ വീട്ടിൽനിന്ന് പെൺകുട്ടിയെ കാണാതായത്. അയൽ വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയതിന് കുട്ടിയെ അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ കാണാതായത്. ബാഗും വസ്ത്രങ്ങളും സഹിതമാണ് കുട്ടി പോയിരിക്കുന്നതെന്നു പോലീസ് പറഞ്ഞു. കുട്ടിയുടെ പക്കൽ 50 രൂപ മാത്രമാണുണ്ടായിരുന്നതെന്ന് മാതാപിതാക്കൾ പറയുന്നു.

Comments (0)
Add Comment