കമന്‍റടിച്ചത് ചോദ്യം ചെയ്തു; കോട്ടയം നഗരമധ്യത്തില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും മർദ്ദനം: മൂന്ന് പേർ അറസ്റ്റില്‍

Jaihind Webdesk
Tuesday, November 29, 2022

കോട്ടയം: നഗരമധ്യത്തിൽ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി 10.30 മണിയോടെയായിരുന്നു സംഭവം. പെൺ സുഹൃത്തിനെ കമന്‍റടിച്ചത് ചോദ്യം ചെയ്തതിന് ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെയും മൂന്നംഗ സംഘം മർദ്ദിച്ചു. പെൺകുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ച സംഭവത്തിൽ താഴത്തങ്ങാടി സ്വദേശികളായ മൂന്ന് യുവാക്കളെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയിൽ കോട്ടയം സെൻട്രൽ ജംഗ്ഷനിൽ വെച്ചായിരുന്നു പെൺകുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. പെൺകുട്ടിയുടെ സുഹൃത്തിന് അപകടം ഉണ്ടായതിന് തുടർന്ന് ഇവർക്ക് വേണ്ടിയുള്ള ഭക്ഷണവും വസ്ത്രവുമായി ജനറൽ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് പെൺകുട്ടിക്കും സുഹൃത്തിനും നേരെ ആക്രമണം ഉണ്ടായത്.

ആദ്യം തെക്കുംകോപുരത്ത് തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ അവിടെയെത്തിയ മൂന്നംഗ സംഘം പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി. കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെക്കാതെ പെൺകുട്ടിയും ആണ് സുഹൃത്തും അവിടെ നിന്ന് മടങ്ങി. ഇവരെ കാറിൽ പിന്തുടർന്ന യുവാക്കൾ സെൻട്രൽ ജംഗ്ഷനിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു. തുടർന്ന് പെൺകുട്ടിയെയും സുഹൃത്തിനെയും യാതൊരു പ്രകോപനവും ഇല്ലാതെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണം ഉണ്ടായപ്പോൾ സെൻട്രൽ ജംഗ്ഷനിൽ നിരവധി പേർ ഉണ്ടായിരിന്നിട്ടും ആരും തങ്ങളെ സഹായിച്ചില്ലെന്ന് പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവം നടക്കുമ്പോൾ ടൗണില്‍ പട്രോളിംഗിന് എത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് ഇവരെ രക്ഷിച്ചത്. പെൺകുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ച 3 അംഗ സംഘത്തെ പോലീസ് സംഭവസ്ഥലത്ത് വച്ച് തന്നെ അറസ്റ്റ് ചെയ്തു. താഴ്ത്തങ്ങാടി സ്വദേശികളായ മുഹമ്മദ് അസ്‌ലം, അഷ്കർ, ഷബീർ എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു.