തട്ടിക്കൊണ്ടുപോയിട്ട് 18 മണിക്കൂർ; കുട്ടിക്കായി തിരച്ചില്‍ തുടരുന്നു: രേഖാചിത്രം തയാറാക്കി

Jaihind Webdesk
Tuesday, November 28, 2023

 

കൊല്ലം: ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിക്കായി നാടെങ്ങും തിരച്ചില്‍ തുടരുന്നു. സംഭവം നടന്ന് 18 മണിക്കൂർ പിന്നിടുമ്പോഴും കുട്ടിയെ വീണ്ടെടുക്കാനായില്ലെന്നത് ആശങ്കയായി തുടരുന്നു. സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. അതേസമയം പ്രതികള്‍ സഞ്ചരിച്ച വാഹനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇനിയും സ്ഥിരീകരണം ഉണ്ടായിട്ടില്ല.

മോചനദ്രവ്യം ആവശ്യപ്പെട്ട് പാരിപ്പള്ളിയിലെ കടയിൽ നിന്ന് ഫോൺ വിളിച്ച സ്ത്രീയോടൊപ്പം കടയിലെത്തിയ വ്യക്തിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. കടയുടമയുടെ ഭാര്യ ​ഗിരിജ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്. അതിർത്തി കേന്ദ്രീകരിച്ചും അന്വേഷണവും തിരച്ചിലും ശക്തിപ്പെടുത്തിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിനുശേഷം രണ്ടു തവണ മോചനദ്രവ്യം ആവശ്യപ്പെട്ട് വിളി വന്നിരുന്നു. ആദ്യം 5 ലക്ഷവും പിന്നീട് 10 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. ആദ്യത്തെ കോള്‍ വന്നത് പാരിപ്പള്ളിക്ക് സമീപത്തുനിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.

അതേസമയം കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാർ വാഷിംഗ് സെന്‍റർ ഉടമയെയും മറ്റൊരാളെയുമാണ് പോലീസ് അന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. ഇവരെ ഉടന്‍തന്നെ വിട്ടയച്ചേക്കുമെന്നാണ് വിവരം.

തിങ്കളാഴ്ച വൈകിട്ട് 4.45 ഓടെയാണ് കൊല്ലം ഓയൂരിൽ നിന്ന് സഹോദരനൊപ്പം ട്യൂഷൻ ക്ലാസിനായി പോയ ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കാറിൽ ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേരാണുണ്ടായിരുന്നത്. കുട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 112-ൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. 9946923282, 9495578999 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.