വിഖ്യാത കന്നട സാഹിത്യകാരനും നടനുമായ ഗിരീഷ് കർണാട് അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടർന്ന് ഇന്ന് പുലർച്ചെ 6.30ന് ബംഗളൂരുവിൽവച്ചായിരുന്നു അന്ത്യം. 81 വയസായിരുന്നു. കന്നട സാഹിത്യത്തിന് പുതുമുഖം സമ്മാനിച്ച വ്യക്തിയാണ് ഗിരീഷ് കർണാട്. രാജ്യം പത്മഭൂഷൻ പുരസ്‌കാരം നൽകി ആദരിച്ചു. ജ്ഞാനപീഠ ജേതാവായ അദ്ദേഹം ദീർഘനാളായി ബംഗളൂരാണ് താമസം.
ശ്രദ്ധേയ നാടകപ്രവര്‍ത്തകന്‍ പ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം കേന്ദ്ര സംഗീത അക്കാദമി ചെയര്‍മാനായിരുന്നു. 1974ൽ പത്മശ്രീ, 1992ൽ പത്മഭൂഷൺ, 1998ൽ ജ്‌ഞാനപീഠം തുടങ്ങി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
ദ് പ്രിന്‍സ്, നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ രണ്ടു മലയാളം സിനിമകളില്‍ അഭിനയിച്ചു.
1938ല്‍ മുംബൈയില്‍ കൊങ്കിണി സംസാരിക്കുന്ന ബ്രാഹ്‌മണ കുടുംബത്തിൽ 1938ലാണു ഗിരീഷ് കർണാട് ജനിച്ചത്. ആർട്‌സിൽ ബിരുദം നേടിയശേഷം ഇംഗ്ലണ്ടിൽനിന്നു ബിരുദാനന്തര ബിരുദം നേടി. സിനിമാ അഭിനയരംഗത്തും സംവിധാനരംഗത്തും ഗിരീഷ് കർണാട് വ്യക്‌തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ചരിത്ര വിഷയങ്ങൾ പ്രമേയമാക്കി നാടകങ്ങൾ രചിച്ചപ്പോൾ അതിൽ പുതിയ കാലഘട്ടത്തിനു യോജിക്കുന്ന മേഖലകൾ കണ്ടെത്തി എന്നതാണു ഗിരീഷ് കർണാടിനെ ശ്രദ്ധേയനാക്കിയത്. കന്നട സാഹിത്യത്തിൽ നവനിർമ്മിതിയുടെ പ്രഭപരത്തിക്കൊണ്ടായിരുന്നു ഗിരീഷ് കർണാടിന്‍റെ അരങ്ങേറ്റം തന്നെ. നാടകങ്ങളിലൂടെയും എഴുത്തിലൂടെയും കന്നട സാഹിത്യത്തെ പരിപോഷിപ്പിക്കാനും ഒരു ജനതയുടെ ജീവിത ആവിഷ്കാരിക്കാനും തന്‍റെ തൂലികകൊണ്ടും അഭിനയത്തിലെ വേഷപ്പകർച്ചകൊണ്ടും ഗിരീഷ് കർണാടിന് കഴിഞ്ഞിട്ടുണ്ട്. കന്നട സാഹിത്യത്തിൽ നവോത്ഥാനത്തിന്‍റെ കൊടുങ്കാറ്റ് സൃഷ്ടിച്ചവരായിരുന്നു ഡോ.യു.ആർ ആനന്ദമൂർത്തിയും ഗിരീഷ് കർണാടും അടക്കമുള്ളവർ. ഗിരീഷ് കർണാട് കൂടി വിടവാങ്ങിയതോടെ ഒരു കാലഘട്ടത്തിന്‍റെ ഇതിഹാസമാണ് മാഞ്ഞുപോകുന്നത്.
മലയാള സിനിമയിലും ഗിരീഷ് കർണാട് അടയാളം തീർത്തിട്ടുണ്ട്. ദ പ്രിൻസിലും നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്നീ ചിത്രങ്ങളിൽ അവിസ്മരണീയമായ പ്രകടനമായിരുന്നു ഗിരീഷ് കർണാട് കാഴ്ചവെച്ചത്. തമിഴ് സിനിമയായ കാതലിൽ പ്രതിനായകനായി തിളങ്ങി. 8 സിനിമകൾ സംവീധാനം ചെയ്ത കർണാടിന് വംശവൃക്ഷം എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചു. തന്‍റെ എഴുത്തിലും സംവിധാന വഴികളിൽ എല്ലാം തന്നെ താൻ വിശ്വസിക്കുന്ന ആദര്‍ശാധിഷ്ഠിതമായ രാഷ്ട്രീയം പകർന്ന് നൽകാനും തന്‍റെ എഴുത്തു വഴി അതിനായി ഉപയോഗപ്പെടുത്താനും ഗിരീഷ് കർണാട് ശ്രദ്ധിച്ചിരുന്നു. എഴുത്തിലും നാടകത്തിലും അഭിനയത്തിലും എല്ലാം തന്നെ തന്‍റേതായ ശൈലി രൂപപ്പെടുത്തി എന്നതാണ് ഗിരീഷ് കർണാടിന്‍റെ നേട്ടം. മതേതര ഇന്ത്യക്കു വേണ്ടി പോരാടുകയും പ്രവർത്തിക്കുകയും ചെയ്ത ഗിരീഷ് കർണാട് എപ്പോഴും ഹിന്ദുത്വ വാദികൾക്കു കണ്ണിലെ കരടുമായിരുന്നു ഈ വിശ്വ വിഖ്യാത ചലച്ചിത്രകാരൻ .