ആലപ്പുഴ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നു; ആര്‍ക്കും പരിക്കില്ല, നിര്‍മ്മാണത്തിലെ അപാകതയെന്ന് ആരോപണം

Jaihind News Bureau
Monday, March 3, 2025

ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ അപാകത വെളിപ്പെടുത്തി ഗര്‍ഡറുകള്‍ തകര്‍ന്നുവീണു. നാല് കൂ്റ്റന്‍ ഗര്‍ഡറുകളാണ് നിലംപതിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നത് ഭാഗ്യമായി. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മാണത്തിലിരുന്ന ബൈപാസ് മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകളാണ് പൊട്ടി വീണത്.

ഇന്നു രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. പില്ലര്‍ 13,14,15,16 എന്നിവയാണ് നിലംപതിച്ചത്. നിര്‍മ്മാണത്തൊഴിലാളികള്‍ താമസിച്ചിരുന്ന ഒരു ഷെഡിന്റെ മുകളിലും ഗര്‍ഡര്‍ വീണിട്ടുണ്ട്. തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അപകടം നടക്കുന്ന സമയത്ത് ഒരാള്‍ ഓടിപോകുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വലിയ ശബ്ദത്തോടുകൂടി ഗര്‍ഡറുകള്‍ നിലത്ത് പതിക്കുകയായിരുന്നു.

രണ്ട് മേല്‍പ്പാതകളാണ് ഇവിടെയുള്ളത്. അതില്‍ ഒന്നിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മറ്റൊന്ന് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അപകടസ്ഥലം സന്ദര്‍ശിച്ചു. ദേശീയപാത ഉദ്യോഗസ്ഥരോട് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേല്‍പ്പാലത്തിന് ബലക്ഷയമുണ്ടെന്ന ആക്ഷേപത്തില്‍ വിശദപരിശോധന നടത്തുമെന്നും കളക്ടര്‍ ഉറപ്പ് നല്‍കി.

അതേസമയം, മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ അഴിമതിയുണ്ടായെന്ന ആരോപണം ഉയരുകയാണ്. നിര്‍മാണത്തില്‍ അപാകതയുണ്ടായതായി ആരോപണം ഉയരുന്നു.