പവിത്രന്‍റെ  A+  നേടിയ മകനുള്ള സമ്മാനപ്പൊതി ബാഗ് വീട്ടിലെത്തിച്ചു : വിമാനത്താവളത്തില്‍ മരിച്ച പ്രവാസിയുടെ ആഗ്രഹം സഫലമായി ; ‘പവിത്രജീവിതം’ ലോകത്തെ അറിയിച്ച ജയ്ഹിന്ദ് ടി വിയ്ക്കും അഭിനന്ദനപ്രവാഹം

ദുബായ് : നാട്ടിലേക്കുള്ള യാത്രക്കിടയില്‍, യുഎഇയില്‍ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ച പ്രവാസിയുടെ മകനുള്ള സമ്മാനപ്പൊതി വീട്ടിലെത്തിച്ചു. പവിത്രന്‍ എന്ന പ്രവാസിയുടെ മരണവാര്‍ത്തയും ഇതിന് പിന്നിലെ സമ്മാനക്കഥയും, ജയ്ഹിന്ദ് ടിവിയാണ് ലോകത്തെ ആദ്യമായി അറിയിച്ചത്. തുടര്‍ന്ന്, നിരവധി പേര്‍ സഹായം വാഗ്ദാനം ചെയ്ത്, രംഗത്തെത്തുകയായിരുന്നു.

യുഎഇയിലെ റാസല്‍ഖൈമ വിമാനത്താവളത്തിലാണ് പവിത്രന്‍ കുഴഞ്ഞു വീണ് മരിച്ചത്. എസ് എസ് എല്‍ സി പരീക്ഷാഫലം വന്ന ജൂണ്‍ 30 ചൊവ്വാഴ്ച രാത്രിയില്‍, മകനുള്ള സമ്മാനപ്പൊതിയുമായി, വിമാനം കയറാന്‍ എത്തിയതായിരുന്നു. എന്നാല്‍, കുഴഞ്ഞുവീണ, പവിത്രന്‍ (50) ആശൂപത്രിയില്‍ എത്തുംമുമ്പേ മരണത്തിന് കീഴടങ്ങി. മരണശേഷമാണ്, പവിത്രന് കൊവിഡ് പോസിറ്റീവ് രോഗം സ്ഥിരീകരിച്ചത്. പവിത്രന്‍റെ വേദനാജനകമായ മരണവാര്‍ത്തയും മകന്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്‌ളസ് നേടിയ ജീവിതകഥയും ജയ്ഹിന്ദ് ടി വിയും ജയ്ഹിന്ദ് ടിവി ന്യൂസ് വെബ്‌സൈറ്റും ലോകത്തെ ആദ്യം അറിയിക്കുകയായിരുന്നു.

ഇപ്രകാരം , പവിത്രന്‍റെ സമ്മാനപ്പൊതി സഹിതമുള്ള ബാഗ്, യുഎഇ കെ എം സി സി നേതൃത്വമാണ് കോഴിക്കോട് കുറ്റ്യാടി കായക്കൊടി ദേശത്തെ വീട്ടില്‍ എത്തിക്കാന്‍ മുന്‍കൈയ്യെടുത്തത്. കെ.എം.സി.സി ചാര്‍ട്ടര്‍ ചെയ്ത്, സൗജന്യ വിമാനത്തില്‍ നാട്ടിലെത്തിയ ഹരീഷ് എന്ന, പ്രവാസി യാത്രക്കാരന്‍ ബാഗ് വീട്ടുകാര്‍ക്ക് കൈമാറുകയായിരുന്നു. അതേസമയം, മരണവാര്‍ത്ത ജയ്ഹിന്ദ് ടി വിയിലൂടെ അറിഞ്ഞയുടന്‍, പവിത്രന്‍റെ മകന്‍ ധനൂപിന്‍റെ വിദ്യാഭ്യാസ ചെലവ് പ്രമുഖ യുവ വ്യവസായിയും വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ കോഴിക്കോട് സ്വദേശി ഡോ. ഷംഷീര്‍ വയലില്‍ ഏറ്റെടുക്കുകയായിരുന്നു. ഇപ്രകാരം, ജയ്ഹിന്ദ് ടി വി യുഎഇ ന്യൂസ് ബ്യൂറോ വഴി പവിത്രന്‍റെ കുടുംബത്തെയും, കായക്കൊടി പഞ്ചായത്ത് പ്രസിഡണ്ടിനെയും ബന്ധപ്പെട്ട് ഡോ. ഷംഷീര്‍ , ഡോക്ടര്‍ ദിനത്തില്‍ കാരുണ്യത്തിന്‍റെ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. ജയ്ഹിന്ദ് ന്യൂസിന്‍റെ ഈ വാര്‍ത്ത ഇംഗ്‌ളീഷ്-അറബിക് മാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തതോടെ, നിരവധിപേര്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്തുവന്നിരുന്നു.

Comments (0)
Add Comment