രാജസ്ഥാനില്‍ വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് സർക്കാരിന് വിജയം; ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനേറ്റ കനത്ത തിരിച്ചടി

Jaihind News Bureau
Friday, August 14, 2020

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സർക്കാരിന് വിശ്വാസ വോട്ടില്‍ വിജയം. ശബ്ദവോട്ടോടെയാണ് വിശ്വാസ പ്രമേയം പാസായത്. സർക്കാരിനെ മറിച്ചിടാനുള്ള ബിജെപി നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് വിജയം. രാജസ്ഥാനില്‍ ഗോവയും മധ്യപ്രദേശും ആവർത്തിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. രാജസ്ഥാന്‍ ബിജെപിക്ക് പാഠമായിരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയുടെ രാഷ്ട്രീയ അട്ടിമറി നീക്കങ്ങൾ രാജസ്ഥാനിൽ വിജയം കണ്ടില്ലെന്ന് മാത്രമല്ല,നിയമസഭ സമ്മേളനത്തിന്‍റെ ഒരവസരത്തിൽ പോലും സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല. 122ൽ അധികം എംഎൽഎമാരുടെ പിന്തുണ കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. കൊവിഡ് മഹാമാരിയുടെ സമയത്തും സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമം നടത്തിയത് എന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.  അന്വേഷണ ഏജൻസികളെ പോലും ബിജെപി ഇതിനായി ഉപയോഗിച്ചു. പാർലമെന്‍ററി കാര്യ മന്ത്രി ശാന്തികുമാർ ധരിവാളാണ് വിശ്വാസ പ്രമേയം നിയമസഭയിൽ വെച്ചത്. പിന്നീട് വിശ്വാസ പ്രമേയത്തിൽ ചർച്ചകൾ നടന്നു. പ്രതിപക്ഷ നിരയോട് ചേർന്നായിരുന്നു സച്ചിൻ പൈലറ്റിന് സ്ഥാനം.

ശക്തനായ പോരാളികളെയാണ് അതിർത്തിയിലെ പോരാട്ടത്തിന് അയക്കുന്നതെന്ന് സച്ചിൻ ചർച്ചയിൽ പറഞ്ഞു. വിശ്വാസ പ്രമേയം പാസായ സാഹചര്യത്തിൽ 6 മാസത്തേക്ക് സർക്കാറിനെതിരെ ബിജെപിക്ക് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കഴിയില്ല. സർക്കാരിനെതിരെ ഇന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ നേരത്തെ ബിജെപി തീരുമാനിച്ചിരുന്നു. എന്നാൽ കോണ്‍ഗ്രസ് വിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തിൽ നീക്കത്തിൽ നിന്ന് ബിജെപി പിന്മാറുകയായിരുന്നു. മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കമാണ് തകർന്നത്. കോണ്‍ഗ്രസ് ദേശിയ നേതൃത്വത്തിന്‍റേയും രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റേയും സമയോചിതമായ ഇടപെടലാണ് ബിജെപിയുടെ അട്ടിമറി നീക്കങ്ങളെ തകർത്തത്. ഇതിൽ സംഘടനകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി യുടെ ഇടപെടലും നിര്‍ണായകമായിരുന്നു.