ലോകം ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിച്ച ഇന്നലെ അപ്രതീക്ഷിതമായിട്ടാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ബാല്‍ക്കണിയില്‍ നിന്ന് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. നീണ്ട വിശ്രമത്തിലായിരുന്ന അദ്ദേഹം ഏറെ നാളുകള്‍ക്ക് ശേഷമാണ് വിശ്വാസികള്‍ക്ക് മുന്നിലെത്തിയത്. അവസാന സന്ദേശത്തില്‍ പോലും ഗാസയിലെ കണ്ണുനീരാണ് എടുത്തു പറഞ്ഞത്. ഉടന്‍ തന്നെ ഗാസയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്ന് എപ്പോഴും ആഹ്വാനം ചെയ്തിരുന്ന മാര്‍പാപ്പ, ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ 6 മാസത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയായിരുന്നെങ്കിലും ഇന്നലെ അപ്രതീക്ഷമായിട്ടാണ് അദ്ദേഹം വിശ്വാസികള്‍ക്ക് മുന്നിലെത്തിയത്. പെസഹാ ദിനത്തില്‍ പതിവില്‍ നിന്ന് വിപരീതമായി കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തിയിരുന്നു എന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. അന്ന് കാല്‍കഴുകല്‍ ശുശ്രൂഷയില്‍ അഭയാര്‍ത്ഥികളെയും സ്ത്രീകളെയും ഉള്‍പ്പെടുത്തി മാതൃക കാട്ടാനും അദ്ദേഹം മറന്നില്ല.
ലോകത്ത് ജൂതവിരുദ്ധ മനോഭാവം വര്‍ധിച്ചുവരുന്നതില്‍ അദ്ദേഹം ഏറെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ദുരിതമനുഭവിക്കുന്ന ഇസ്രയേല്‍, പലസ്തീന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നും മാര്‍പാപ്പ വ്യക്തമാക്കിയിരുന്നു. ന്യുമോണിയ ബാധിതനായി ആശുപത്രിയിലേക്കു പോകുന്നതിന് മുന്‍പും ഗാസയിലെയും മറ്റ് മനുഷ്യരുടെയും വേദനകള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമായിരുന്നു എന്നും അദ്ദേഹം. ം പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നാണ് ഇന്നലെ അദ്ദേഹം ഈസ്റ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടത്.
ശ്വാസകോശ അണുബാധക്കുള്ള ചികിത്സക്ക് ശേഷം വിശ്രമത്തില്‍ കഴിയുകയായിരുന്നെങ്കിലും അല്‍പനേരം മാത്രമാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍കണിയില്‍ വിശ്വാസികള്‍ക്ക് മാര്‍പാപ്പ ദര്‍ശനം നല്‍കിയത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് നേരെ കൈവീശി അദ്ദേഹം ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് 2025 ഫെബ്രുവരി 14 നായിരുന്നു മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് ആഴ്ചയോളം നീണ്ട ആശുപത്രി വാസത്തിനുശേഷം മാര്‍ച്ച് 23 ന് തിരികെ വസതിയില്‍ എത്തിയിരുന്നു. അസുഖം ഭേദമായിരുന്നെന്ന് പ്രതീക്ഷിച്ച് വിശ്വാസികള്‍ക്ക് ഞെട്ടലായി മാറി മാര്‍പാപ്പയുടെ വിയോഗം.