ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ ഗാസയിലെ പട്ടിണി സംബന്ധിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഗാസയില്‍ പട്ടിണിയില്ലെന്ന നെതന്യാഹുവിന്റെ വാദങ്ങളെ തള്ളിക്കൊണ്ടാണ് ട്രംപിന്റെ പ്രസ്താവന.
ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും പട്ടിണി രൂക്ഷമാണെന്നും ട്രംപ് വ്യക്തമാക്കി. ഭക്ഷണവും മരുന്നും എത്തിക്കുന്നതിനായി 16 മില്യണ്‍ ഡോളര്‍ സഹായം അമേരിക്ക നല്‍കിയിരുന്നെങ്കിലും അത് ഹമാസ് കൈക്കലാക്കിയതിനാല്‍ ഫലപ്രദമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിന്റെ ഗാസയോടുള്ള സമീപനം പുനഃപരിശോധിക്കണമെന്നും ട്രംപ് നിര്‍ദ്ദേശിച്ചു. അതേസമയം, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇസ്രായേലിലെ അംബാസഡര്‍ മൈക്ക് ഹക്കബിയും ഗാസ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇതിനിടയില്‍, ഗാസയിലെ സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പലസ്തീനിലെ ചില സ്വയംഭരണ സംഘടനകള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഈ സംഘടനകളിലെ അംഗങ്ങള്‍ക്ക് യാത്രാ വിസ നിഷേധിക്കുന്നതടക്കമുള്ള നടപടികള്‍ ഉപരോധത്തിന്റെ ഭാഗമായുണ്ടാകുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. പലസ്തീന്‍ തീവ്രവാദികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ സംഘടനകള്‍ സംരക്ഷണം നല്‍കുന്നുണ്ടെന്നും അമേരിക്ക ആരോപിച്ചു.