ഗാസ സിറ്റി: ഗാസയിലെ നാസര്‍ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കുറഞ്ഞത് 15 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ചയാണ് ഈ ദാരുണമായ സംഭവം നടന്നത്. കൊല്ലപ്പെട്ടവരില്‍ റോയിട്ടേഴ്‌സിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫറായ ഹാതം ഖാലിദും ഉള്‍പ്പെടുന്നുവെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഗാസ സിറ്റിയില്‍ വലിയൊരു സൈനിക നീക്കത്തിന് ഇസ്രായേല്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഈ ആക്രമണം. നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനായി പതിനായിരക്കണക്കിന് റിസര്‍വ് സൈനികരെയാണ് ഇസ്രായേല്‍ വിന്യസിച്ചിരിക്കുന്നത്. 2023 ഒക്ടോബറില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ, ഹമാസിന്റെ ശക്തികേന്ദ്രങ്ങള്‍ പൂര്‍്ണ്ണമായും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുടരുകയാണ്.
അന്താരാഷ്ട്ര സമൂഹം സൈനിക നടപടികള്‍ പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഇസ്രായേല്‍ സര്‍ക്കാര്‍ സൈനിക ലക്ഷ്യങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഗാസയിലെ ഈ സൈനിക നീക്കം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കൂടുതല്‍ പലസ്തീനികളെ കുടിയൊഴിപ്പിക്കുമെന്നും വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നെതന്യാഹുവിന്റെ ഈ കടുത്ത നിലപാടിനെതിരെ സഖ്യകക്ഷികളില്‍ നിന്നും എതിരാളികളില്‍ നിന്നും ഒരുപോലെ സമ്മര്‍ദ്ദം ശക്തമാണ്.
ഗാസയിലെ സൈനിക നടപടികള്‍ വിപുലീകരിക്കാന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് അനുമതി നല്‍കിയിട്ടുണ്ട്. ഇസ്രായേല്‍ സേനയും ഹമാസും തമ്മിലുള്ള പ്രധാന പോരാട്ടസ്ഥലമായ ഗാസ സിറ്റിയുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുക എന്നതാണ് ലക്ഷ്യം.