ന്യൂഡല്‍ഹി: ഗൗരവ് ഗൊഗോയിയെ കോണ്‍ഗ്രസിന്‍റെ ലോക്സഭാ ഉപനേതാവായി വീണ്ടും തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ട്ടി നിയമനം അറിയിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കി. അസമിലെ ജോര്‍ഹട്ട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഗൗരവ് ഗൊഗോയി. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ പാര്‍ട്ടി ചീഫ് വിപ്പായും തിരഞ്ഞെടുത്തു.
വിരുദുനഗര്‍ എംപി മാണിക്കം ടാഗോറും കിഷന്‍ഗഞ്ച് എംപി മുഹമ്മദ് ജാവേദും പാര്‍ട്ടി വിപ്പുമാരാകും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എക്സിലൂടെയാണ് പാര്‍ട്ടി തീരുമാനം അറിയിച്ചത്. ലോക്സഭയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യാ കക്ഷികളും ഊര്‍ജസ്വലമായി ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുമെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.