ഗതികേടേ നിന്റെ പേരോ സിപിഎം?; വീണ്ടും വർഗീയ കാർഡുമായി സിപിഎം; പാലക്കാട് പത്രപ്പരസ്യത്തിലൂടെ വിഷം ചീറ്റാൻ സിപിഎം

Jaihind Webdesk
Tuesday, November 19, 2024

തിരുവനന്തപുരം: വടകര ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം ഇറക്കിയ വർഗീയ കാർഡ് രൂപം മാറ്റി പാലക്കാട്‌ ഇറക്കുകയാണ്. അന്ന് കാഫിർ സ്ക്രീൻ ഷോട്ട് എങ്കിൽ ഇന്ന് പത്ര പരസ്യം. നാളെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പത്രങ്ങളില്‍ മാത്രം സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പരസ്യം നൽകിയിരിക്കുകയാണ്. കാന്തപുരം വിഭാഗത്തിന്റെ പത്രമായ സിറാജിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പത്രമായ സുപ്രഭാതത്തിലുമാണ് സിപിഎം ഇന്ന് മുന്‍പേജ് പരസ്യം നല്‍കിയത്.

സരിന്‍ തരംഗം എന്ന തലക്കെട്ട് നല്‍കി സരിന്റെ ചിരിക്കുന്ന ചിത്രവും ചിഹ്നമായ സ്റ്റെതസ്ക്കോപ്പും ഉള്‍പ്പെടുത്തിയാണ് പരസ്യം നല്‍കിയത്. വിമര്‍ശനം ഒഴിവാക്കാന്‍ പാലക്കാട്, മലപ്പുറം എഡിഷനുകളില്‍ മാത്രമാണ് പരസ്യം നല്‍കിയത് എന്നതും ശ്രദ്ധേയമാണ്.

നേരത്തെ മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. പരാമര്‍ശത്തിനെതിരെ മുസ്ലിം സമുദായത്തില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ മുസ്ലിം ലീഗ് ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഈ ഘട്ടത്തില്‍ തന്നെയാണ് സിറാജിലും സുപ്രഭാതത്തിലും സിപിഎം പരസ്യം പ്രത്യക്ഷപ്പെടുന്നത്. പാലക്കാട് നല്ലൊരു വിഭാഗം മുസ്ലിം വോട്ടുകള്‍ ഉണ്ടായിരിക്കെയാണ് മുസ്ലിം പത്രങ്ങളില്‍ മാത്രം പരസ്യം നല്‍കി സമുദായത്തെ ഒപ്പം നിര്‍ത്താന്‍ സിപിഎം ശ്രമിക്കുന്നത്.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ആവര്‍ത്തിക്കാറുള്ള സിപിഎം തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ഇതെല്ലാം മാറ്റി മതപ്രീണന രാഷ്ട്രീയമാണ് അവസരം നോക്കി പയറ്റാറുള്ളത്. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറഞ്ഞ് വിജയിക്കാൻ കഴിയില്ലെന്ന് ആയപ്പോൾ വർഗീയത വിറ്റ് വിജയം സ്വന്തമാക്കാൻ ശ്രമിക്കുകയാണ് കേരളത്തിലെ സിപിഎം.