ഗാസയിലെ ആശുപത്രിയില്‍ ബോംബിട്ട് ഇസ്രായേല്‍; 500ലധികം പേര്‍ കൊല്ലപ്പെട്ടു


ഇസ്രായേല്‍ ഗാസയിലെ ആശുപത്രിയില്‍ ബോംബിട്ടതായി റിപ്പോര്‍ട്ട്. ഗാസ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മധ്യ ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ 500ലധികം പേര്‍ കൊല്ലപ്പെട്ടതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. വീട് വിട്ട ആയിരങ്ങള്‍ ആശുപത്രി സുരക്ഷിതമെന്ന് കരുതി അവിടെ അഭയം തേടിയിരുന്നു. ഇത് മരണസംഖ്യ ഉയരാന്‍ ഇടയാക്കി.

ചുരുങ്ങിയത് 4000 അഭയാര്‍ത്ഥികള്‍ എങ്കിലും ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട ഡോക്ടര്‍ ബിബിസിയോട് പ്രതികരിച്ചു. ആശുപത്രി ഏതാണ്ട് പൂര്‍ണ്ണമായി തകര്‍ന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ് അറിയിച്ചു. അതേസമയം, എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കുന്നുവെന്ന് ഇസ്രയേല്‍ സൈനിക വക്താവ് പ്രതികരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, ഇസ്രയേല്‍ ലെബനോന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമാവുകയാണ്. ലെബനോനില്‍ നിന്നുള്ള ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേല്‍ പൗരന്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാലു പേരെ വെടിവെച്ചു കൊന്നതായാണ് ഇസ്രയേല്‍ അറിയിച്ചത്. വരും മണിക്കൂറുകളില്‍ ഇസ്രായേലിനു നേരെ പ്രത്യാക്രമണം ഉണ്ടാകുമെന്നാമ് ഇറാന്റെ ഭീഷണി. ഹിസ്ബുല്ല ആക്രമണം ശക്തമാക്കുന്നത് ഇറാന്റെ നിര്‍ദേശപ്രകാരം എന്നാണു സൂചന. ലെബനനില്‍ ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രയേലും അറിയിച്ചിരുന്നു.

ശുദ്ധജലം നിലച്ച ഗാസ പകര്‍ച്ചവ്യാധി ഭീഷണിയിലെന്ന യുഎന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. പത്തുലക്ഷം പേര്‍ അഭയാര്‍ഥികളായി തെരുവിലാണ്. ഗാസയില്‍ ആംബുലന്‍സുകളും അഭയാര്‍ത്ഥി ക്യാമ്പുകളും പോലും ആക്രമിക്കപ്പെടുന്നതായി ജനങ്ങള്‍ പറയുന്നു. ഗാസയിലേക്ക് മാനുഷിക ഇടനാഴി വേണമെന്ന ആവശ്യവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ റൂഡോ രംഗത്തെത്തി. ഇരു പക്ഷവും വെടിനിര്‍ത്തണമെന്ന ആവശ്യവുമായി യുഎന്നില്‍ റഷ്യ കൊണ്ടുവന്ന പ്രമേയം അമേരിക്കയും ബ്രിട്ടനും എതിര്‍ത്തു.

ഹമാസ് നടത്തിയ കൂട്ടക്കൊലയെ അപലപിക്കുന്നില്ല എന്നതിനാലാണ് എതിര്‍ത്തതെന്ന് യു എസ് പറയുന്നു. ഹമാസിന്റെ ആക്രമണത്തിന് ശേഷം അഞ്ചു ലക്ഷം പേരെ അതിര്‍ത്തി മേഖലകളില്‍ നിന്ന് ഒഴിപ്പിച്ചതായി ഇസ്രയേല്‍ അറിയിച്ചു. ലെബനന്‍, ഗാസ അതിര്‍ത്തികളില്‍നിന്ന് ഇസ്രയേല്‍ പൗരന്മാരെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. അതേസമയം, തട്ടിക്കൊണ്ടുപോയ ബന്ധികളില്‍ ഒരാളുടെ ദൃശ്യം ഹമാസ് പുറത്തുവിട്ടു. ഇരുന്നൂറോളം ബന്ദികള്‍ ഹമാസിന്റെ പിടിയിലാണെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഹമാസ് ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ വടക്കന്‍ കൊറിയ നല്കിയതാണെന്ന വാദവുമായി ദക്ഷിണ കൊറിയ രംഗത്തെത്തി.

Comments (0)
Add Comment