ഗാസയില്‍ നിന്ന് വിദേശ പൗരന്മാരെ ഒഴിപ്പിക്കാന്‍ ധാരണയായെന്ന് സൂചന. ഉച്ചയോടെ ഈജിപ്തിലേക്കുള്ള റാഫാ അതിര്‍ത്തി തുറന്നേക്കുമെന്ന് യു.എസ്. അറിയിച്ചു. ഗാസയില്‍ കുടുങ്ങിയ യു.എസ്. പൗരന്മാരുടെ ബന്ധുക്കള്‍ക്കാണ് യു.എസ്. അധികൃതര്‍ ഇതുസംബന്ധിച്ച ഇ മെയില്‍ സന്ദേശം അയച്ചത്. മറ്റു വിദേശ പൗരന്മാരെയും ഒഴിപ്പിക്കുമെന്നാണ് അറിയുന്നത്. അതിനിടെ വടക്കന്‍ ഗാസയിലുളളവര്‍ക്ക് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം അനുവദിച്ച സമയപരിധി അവസാനിച്ചു. ആയിരങ്ങളാണ് വടക്കന്‍ ഗാസയില്‍ നിന്ന് തെക്കന്‍ ഗാസയിലേക്ക് നീങ്ങുന്നത്. പലസ്തീന് ജനതയോട് വിരോധമില്ലെന്നും ഹമാസിനെയാണ് നേരിടുന്നതെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.എന്നാല്‍ പലസ്തീന് പൗരന്മാരെ ഈജിപ്റ്റിലേക്ക് മാറ്റുമോ എന്നതില്‍ വ്യക്തതയില്ല. തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 70 പേര് കൊല്ലപ്പെട്ടെന്ന് ഹമാസ് പറഞ്ഞു. ലബനനിലേക്കും ഇസ്രയേല്‍ ആക്രമണം നടത്തി.