പാല്‍ഘര്‍: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ ഫാര്‍മാ കമ്പനിയില്‍ നൈട്രജന്‍ ചോര്‍ന്ന് നാല് മരണം. പാല്‍ഘറിലെ ബോയിസാര്‍ വ്യാവസായിക മേഖലയിലെ മെഡ്‌ലി ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ ആണ് വാതകച്ചോര്‍ച്ച ഉണ്ടായത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.
കമ്പനിയിലെ ഒരു നൈട്രജന്‍ റിയാക്ഷന്‍ ടാങ്കില്‍ നിന്നാണ് വാതകം ചോര്‍ന്നതെന്ന് പാല്‍ഘര്‍ ജില്ലാ ദുരന്ത നിവാരണ സെല്‍ മേധാവി വിവേകാനന്ദ് കദം അറിയിച്ചു. അപകടം നടക്കുമ്പോള്‍ 36 തൊഴിലാളികള്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇതില്‍ ആറ് പേര്‍ക്കാണ് വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
ആറ് തൊഴിലാളികളെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ആശുപത്രിയിലെത്തുന്നതിന് മുന്‍പേ തന്നെ നാല് പേര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റ രണ്ട് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.