മസ്റ്ററിംഗിന്‍റെ പേരില്‍ പാചകവാതക ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല; വി.ഡി. സതീശന്‍റെ കത്തില്‍ കേന്ദ്ര മന്ത്രിയുടെ ഉറപ്പ്

Jaihind Webdesk
Wednesday, July 10, 2024

 

തിരുവനന്തപുരം: ആധാര്‍ മസ്റ്ററിംഗിന്‍റെ പേരില്‍ പാചകവാതക ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ്പുരി വ്യക്തമാക്കിയതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു. മസ്റ്ററിംഗുമായി ബന്ധപ്പെട്ട് എല്‍പിജി ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെടുത്തി വി.ഡി. സതീശന്‍ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രിക്ക് കത്ത് നല്‍കുകയും കത്ത് എക്‌സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ പോസ്റ്റ് റീ പോസ്റ്റു ചെയ്തു കൊണ്ടാണ് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ്പുരി ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന ഉറപ്പ് നല്‍കിയത്.

മസ്റ്ററിംഗ് എട്ട് മാസമായി നടക്കുകയാണെന്നും വ്യാജ ഉപഭോക്താക്കളെ ഒഴിവാക്കാന്‍ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. ഗ്യാസ് ഡെലിവറി ചെയ്യാനെത്തുന്ന ജീവനക്കാര്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കും. ഇതു കൂടാതെ ഉപഭോക്താക്കള്‍ക്ക് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് സ്വന്തമായി മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനും സാധിക്കും. എല്‍പിജി ഔട്ട്‌ലെറ്റുകളില്‍ എത്തി മസ്റ്ററിംഗ് നടത്തേണ്ട ആവശ്യമില്ലെന്നും മസ്റ്ററിംഗിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.