തിരുവനന്തപുരം : കഞ്ചാവ് കേസ് പ്രതിയുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ സിഐക്കെതിരെ കുറ്റപത്രം.തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാണ് കുറ്റപത്രം നല്‍കിയത്. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ സിബി തോമസിനെതിരെയാണ് കുറ്റപത്രം.
സംഭവം നടക്കുമ്പോൾ സിബി തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എസ്ഐ ആയി ജോലി ചെയ്യുകയായിരുന്നു.2009 ലാണ് കേസിനാസ്പദമായ സംഭവം. ഒരു സംഘം ആളുകളുമായി രാമസ്വാമിയും മകനും ഏറ്റമുട്ടിയിരുന്നു. ഇതേതുടര്‍ന്ന് പേരൂർക്കട സ്വദേശി രാമസ്വാമിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. പേരൂർക്കട ഇസ്പെക്ടർ അശോകൻ, എസ്ഐ നസീർ, പ്രൊബേഷൻ എസ് ഐ സിബി തോമസ് എന്നിവരാണ് പരിശോധനയ്ക്കായി എത്തിയിരുന്നത്. ഇവർക്കെതിരെ ലഹരിവസ്തു വിറ്റതിന് ഉള്‍പ്പെടെ നേരത്തെയും കേസുകള്‍ ഉള്ളതിനാൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്ന് കണ്ടെത്തിയ 34,000 രൂപ സിബി തോമസ് എടുത്തുവെങ്കിലും കോടതിയിൽ നൽകിയില്ലെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. വീട്ടിൽ നിന്ന് സ്വർണവും പണവും പൊലീസ് മോഷ്ടിച്ചുവെന്ന രാമസ്വാമിയുടെ ഭാര്യ ഉഷയുടെ പരാതിയിലാണ് കേസന്വേഷണം നടത്തിയത്. എന്നാല്‍ സ്വർണം മോഷ്ടിച്ചുവെന്ന വാദം കളവാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി.
മോഷണ കുറ്റം ഒഴിവാക്കി പണം ദുരുപയോഗം ചെയ്തുവെന്ന വകുപ്പാണ് സിബിതോമസിനെതിരെ ചുമത്തിയത്. വീട്ടിൽ പരിശോധന നടത്തിയ മറ്റ് രണ്ട് ഉദ്യോഗസ്ഥരെയും ക്രൈം ബ്രാഞ്ച് ഒഴിവാക്കി. ക്രൈം ബ്രാഞ്ച് നേരത്തെ അവസാനിച്ച കേസ് ഹൈക്കോടതി നിർദ്ദേശ പ്രകാരം തുടരന്വേഷണം നടത്തിയ ശേഷമാണ് ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം നൽകിയത്.