കുറ്റ്യാടിയിൽ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Jaihind Webdesk
Thursday, October 21, 2021

കോഴിക്കോട് : കുറ്റ്യാടിയിൽ ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പ്രതികളേയും രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നവംബർ മൂന്നു വരെയാണ് കസ്റ്റഡി കാലാവധി. കോഴിക്കോട് പോക്സോ കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്.

കോഴിക്കോട് കായക്കൊടിയില്‍ ദലിത് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലാണ് പ്രതികളെ  ഉച്ചയ്ക്കുശേഷം പോക്സോ കോടതിയില്‍ ഹാജരാക്കിയത്. പെൺകുട്ടിയുടെ സുഹൃത്ത് ഉൾപ്പെടെ നാലുപേരെയും രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. നവംബർ മൂന്ന് വരെയാണ് കസ്റ്റഡി കാലാവധി. അതിനിടെ, സംഭവത്തിൽ പ്രദേശ വാസികളടക്കമുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പതിനേഴുകാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ചെത്തിയ സുഹൃത്തും മൂന്ന് കൂട്ടുകാരും ചേര്‍ന്ന് ജാനകിക്കാട്ടില്‍വെച്ച്‌ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

ഒന്നാം പ്രതി സായൂജ് തെക്കേപറമ്പത്ത് ഈ മാസം മൂന്നാം തീയതിയാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. സ്ഥലത്തെത്തിയ മറ്റ് പ്രതികളായ ഷിബു പറച്ചാലില്‍, രാഹുല്‍ തമിഞ്ഞാല്‍, അക്ഷയ് പാലോളി എന്നിവര്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും വിദ്യാര്‍ത്ഥിനി മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് നാദാപുരം എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നാല് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.