കോഴിക്കോട് : സംസ്ഥാനത്തിന് തന്നെ അപമാനമായി കോഴിക്കോട് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം. കൊല്ലം സ്വദേശിയായ യുവതിയെ(32) പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് വിവരം. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് പീഡനം നടന്നത്. സംഭവത്തിൽ അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവർ അറസ്റ്റിലായി. രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
നടന്നത് ക്രൂര പീഡനമെന്ന് എസിപി കെ സുദർശൻ ഏഷ്യാനെറ്റ് ന്യുസിനോട് വ്യക്തമാക്കി. പിടിയിലായ രണ്ട് പേരെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും. മയക്കുമരുന്ന് നൽകിയ ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വിവരം. അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം രാത്രിയാണ് പീഡിപ്പിച്ചത്. അജ്നാസ് യുവതിയെ ടിക്ടോക്ക് വഴിയാണ് പരിചയപ്പെടുത്തിയത്. പിന്നീട് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. ഇവരെ കാറിലാണ് ഫ്ലാറ്റിലെത്തിച്ചത്. പിന്നീട് നാല് പേരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് എസിപി കെ സുദർശൻ പറഞ്ഞു.
യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മെഡിക്കൽ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. യുവതിയുടെ മൊഴിയെടുത്തു.