സോളാറില്‍ ഗണേഷിന്‍റെ ഇടപെടല്‍ യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ; ഗൂഢാലോചനയില്‍ സജി ചെറിയാനും പങ്ക് ; ശരണ്യ മനോജ് ജയ്ഹിന്ദ് ന്യൂസിനോട്

Jaihind News Bureau
Saturday, November 28, 2020

 

കൊല്ലം : സോളാര്‍ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഇടപെടല്‍ യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനായിരുന്നെന്ന് ബന്ധുവും കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന നേതാവുമായ ശരണ്യ മനോജ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. പരാതിക്കാരി നിരന്തരം മൊഴിമാറ്റിയതിനു പിന്നില്‍ ഗണേഷ് കുമാറായിരുന്നു. സരിതയുടെ കത്തിൽ കുട്ടിചേർക്കലുകൾ വരുത്തിയതും  ഗണേഷ് പറഞ്ഞിട്ടാണ്. സരിതക്ക് ഗണേഷ് വിവാഹ വാഗ്ദാനം നൽകി. ഗൂഢാലോചനയില്‍ സിപിഎം നേതാവ് സജി ചെറിയാന് പങ്കുണ്ടെന്നും മനോജ് വെളിപ്പെടുത്തി.

സോളാര്‍ കേസില്‍ മുഖ്യപ്രതി ഗണേഷ് കുമാറാണെന്നും സരിതയെക്കൊണ്ട് പലതും പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തതിനു പിന്നിലും ഗണേഷാണെന്ന് കഴിഞ്ഞദിവസം കൊല്ലം തലവൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് അദ്ദേഹം ആദ്യം വെളിപ്പെടുത്തിയത്.

സോളാർ കേസില്‍ ആദ്യം ആരോപണമുയർന്നപ്പോൾ താനാണ് മുഖ്യ പ്രതിയെന്ന് തിരിച്ചറിഞ്ഞ ഗണേഷ് കുമാർ പിന്നീട് കാര്യങ്ങൾ തിരിച്ച് വിടുകയായിരുന്നുവെന്ന് ശരണ്യ മനോജ് പറഞ്ഞു. തന്നെ രക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഗണേഷ് കുമാർ സഹായം തേടിയപ്പോൾ ഈ വിഷയത്തിൽ ഇടപെട്ട വ്യക്തി എന്ന നിലയിലാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ. ബാലകൃഷ്ണപിള്ളയുടെയും കെ.ബി ഗണേഷ് കുമാറിന്‍റേയും സന്തത സഹചാരിയും കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന ശരണ്യ മനോജിന്‍റെ വെളിപ്പെടുത്തൽ സോളാർ കേസ് വഴി തിരിച്ചതിന്‍റെ ഗൂഢാലോചനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.