പണി വരുന്നുണ്ട് അവറാച്ചാ… ഇനി ശമ്പളം വന്നാല്‍ വന്നെന്ന് പറയാം

Jaihind News Bureau
Saturday, February 22, 2025

തിരുവനന്തപുരം: ശമ്പളം ഒന്നാം തീയതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ കെഎസ്ആർടിസി ജീവനക്കാരുടെ മേൽ മാനേജ്‌മെന്‍റിന്‍റെ ശക്തമായ പ്രതികാര നടപടി. കോൺഗ്രസ്സ് അനുകൂല തൊഴിലാളി സംഘടനകളിൽപ്പെട്ടവരുടെ ഫെബ്രുവരി ശമ്പളം ഉടൻ അനുവദിക്കില്ലെന്ന് ഗണേശ് കുമാർ തീരുമാനിച്ചു.  പ്രത്യേക അനുമതി ലഭിച്ചതിന് ശേഷമേ അവരുടെ ശമ്പളം പ്രോസസ് ചെയ്യാവൂ എന്നതാണ് ഗതാഗത മന്ത്രിയുടെ പുതിയ നിർദേശം.

അതേസമയം, സമരത്തിൽ പങ്കെടുക്കാത്തവരുടെ ശമ്പളം സമയബന്ധിതമായി നൽകാനാണ് ചീഫ് അക്കൗണ്ട്സ് ഓഫീസറുടെ നിർദ്ദേശം. സമരാനന്തര നടപടികളുടെ ഭാഗമായാണ് സമരക്കാരുടെ ശമ്പളത്തിൽ ഡയസ്‌നോൺ ബാധകമാക്കുകയും പ്രത്യേക അനുമതിയില്ലാതെ ശമ്പളം തടയുകയും ചെയ്യുന്നത്. ഇതോടെ സമരം ചെയ്തവർക്ക് ശമ്പളം വൈകുമെന്ന് ഉറപ്പായി.

സംഭവത്തിൽ ഗണേശ് കുമാർ നേരിട്ടിറങ്ങി ശക്തമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. പണിമുടക്ക് ഒരു അനാവശ്യ നടപടിയാണെന്നും ജനങ്ങൾ തന്നെ സമരത്തെ തോല്‍പ്പിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബസുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനും ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്കും ജീവനക്കാരുടെ പേരില്‍ നഷ്ടപരിഹാരം ഈടാക്കും എന്ന മുന്നറിയിപ്പും മന്ത്രി നൽകി.

ഈ നിലപാടിന് പിന്നാലെയാണ് സമരം ചെയ്തവർക്കെതിരെ കൂടുതൽ നിയന്ത്രണ നടപടികൾ കടുപ്പിച്ചത്. ജനങ്ങള്‍ക്ക് തന്നോടുള്ള സ്നേഹമാണ് സമരം പൊളിഞ്ഞതോടെ വ്യക്തമാകുന്നതെന്നും ഗതാഗത മന്ത്രി അഭിപ്രായപ്പെട്ടു.