എംഎല്‍എയ്ക്കെതിരെ പ്രതിഷേധിച്ചു ; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച് ഗണേഷ് കുമാറിന്‍റെ പി.എയും സംഘവും, കാഴ്ചക്കാരായി പൊലീസ്

Jaihind News Bureau
Saturday, January 16, 2021

കൊല്ലം: കൊല്ലം വെട്ടിക്കവലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ പി എ പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിൽ അതിക്രമം. എംഎൽഎക്കെതിരെ പ്രതിഷേധിച്ചതിനാണ്  പ്രവർത്തകരെ നടുറോഡിൽ പിഎയും സംഘവും മർദിച്ചത്. എംഎൽഎയുടെയും പൊലീസിന്‍റെയും സാന്നിധ്യത്തിലായിരുന്നു മർദ്ദനം. എന്നാൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത കുന്നിക്കോട് പൊലീസ് പി എ ഉൾപ്പടെയുള്ള അക്രമികളെ പിടികൂടിയില്ല.

കോൺഗ്രസ് പഞ്ചായത്ത് അംഗത്തെ കോക്കാട്ട് ക്ഷീരവികസന സമിതി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് യൂത്ത് കോൺഗ്രസ് എംഎൽഎക്കെതിരെ പ്രതിഷേധിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന്  അറസ്റ്റിലായി ജാമ്യത്തിൽ കഴിയവേയാണ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫംഗം പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിൽ അതിക്രമം നടന്നത്.