ഗാന്ധിദർശന്‍ സമിതി നേതാക്കളെ കയ്യേറ്റം ചെയ്ത സംഭവം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉപവാസ സമരം

തിരുവനന്തപുരം : നേതാക്കളെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരവുമായി ഗാന്ധിദർശന്‍ സമിതി. സെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ ആരംഭിച്ച ഉപവാസ സമരം യുഡിഎഫ് കൺവീനർ എംഎം ഹസൻ ഉദ്ഘാടനം ചെയ്തു.

കെപിസിസി ഗാന്ധിദർശൻ സമിതിയുടെ ഗാന്ധി സ്മൃതി യാത്രക്കിടെ ഗാന്ധിജിയെ അപമാനിക്കുകയും ഗാന്ധി ദർശൻ സമിതി നേതാക്കളെ കയ്യേറ്റം ചെയ്യുകയും ചെയ്ത യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

സംഘ പരിവാറിന്‍റെ ഗാന്ധി നിന്ദയുടെ മറ്റൊരു പതിപ്പാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവർത്തകരുടേതെന്ന് ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് എംഎം ഹസന്‍ പറഞ്ഞു. ഗാന്ധി നിന്ദ നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കാതെ മുഖ്യമന്ത്രി ഒരു ഫാസിസ്റ്റുകാരനായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡന്‍റ് വിസി കബീർ മാസ്റ്ററുടെ നേതൃത്വത്തിൽ വൈകിട്ട് 5.30 വരെയാണ് ഉപവാസ സമരം.

Comments (0)
Add Comment