പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമ മാറ്റി സ്ഥാപിച്ചു; പ്രതിഷേധം ശക്തം, സ്മാരക സമിതി യോഗം ചേരാതെ പ്രതിമകള്‍ മാറ്റിയത് ദുരൂഹമെന്ന് മല്ലികാർജുന്‍ ഖാർഗെ

Jaihind Webdesk
Monday, June 17, 2024

 

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് വളപ്പിലെ 14 പ്രതിമകള്‍ മാറ്റി സ്ഥാപിച്ചതില്‍ പ്രതിഷേധം ശക്തം. സ്മാരക സമിതി യോഗം ചേരാതെ പ്രതിമകള്‍ മാറ്റിയത് ദുരൂഹമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. പ്രേരണസ്ഥലിൽ പ്രതിമ സ്ഥാപിച്ചത് ചർച്ചകൾ നടത്താതെയാണെന്നും ഖാർഗെ ആരോപിച്ചു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടേതുള്‍പ്പെടെ 14 പ്രതിമകളാണ് കഴിഞ്ഞ ദിവസം മാറ്റി സ്ഥാപിച്ചത്.

പ്രേരണ സ്ഥലം എന്ന് പേരിട്ടിരിക്കുന്ന ഗാന്ധി പ്രതിമയുടെ പുതിയ സ്ഥാനം വൈസ് പ്രസിഡന്‍റ് ജഗ്ദീപ് ധന്‍ഖര്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. പ്രതിമ മാറ്റി സ്ഥാപിച്ചതില്‍ സര്‍ക്കാരിന് പ്രത്യേക ഉദ്ദേശങ്ങളൊന്നും തന്നെയില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സംവിധാന്‍ സദന്‍ എന്ന് പുനര്‍നാമകരണം ചെയ്ത പഴയ പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപമുള്ള ലൈബ്രറി കെട്ടിടത്തിന്‍റെ പിന്‍ഭാഗം വരെ പ്രതിമകള്‍ ഇപ്പോള്‍ സ്ഥാപിച്ചിട്ടുണ്ട്. സംവിധാന്‍ സദന്‍റെ ഏഴാം നമ്പര്‍ ഗേറ്റിന് സമീപം പഴയ കെട്ടിടത്തിന് അഭിമുഖമായി മഹാത്മാഗാന്ധിയുടെയും ഡോ.ബി.ആര്‍. അംബേദ്കറിന്‍റെയും പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം പ്രതിമ മാറ്റിയതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഈ നിലപാട് ജനാധിപത്യ വിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ആരോപിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. തീര്‍ത്തും ഏകപക്ഷീയമായ രീതിയിലാണ് പ്രമുഖരുടെ പ്രതിമകള്‍ നീക്കം ചെയ്തതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസ്താവനയില്‍ പറഞ്ഞു. ഒരു കൂടിയാലോചനയും കൂടാതെ ഏകപക്ഷീയമായി ഈ പ്രതിമകള്‍ നീക്കം ചെയ്യുന്നത് ജനാധിപത്യത്തിന്‍റെ അടിസ്ഥാന മനോഭാവത്തെ ലംഘിക്കുന്നതാണ്. പാര്‍ലമെന്‍റ് മന്ദിര സമുച്ചയത്തിലുടനീളം ഓരോ പ്രതിമയ്ക്കും അതിന്‍റെ സ്ഥാനത്തിനും വലിയ മൂല്യവും പ്രാധാന്യവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.