ഗാന്ധി ജയന്തി: വിപുലമായ ആഘോഷങ്ങള്‍ക്ക് കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്‍റ് കണ്ണൂരില്‍ നിർവഹിക്കും

Jaihind Webdesk
Thursday, September 30, 2021

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152-ാം ജയന്തി വാര്‍ഷികം കെപിസിസിയുടെ നേതൃത്വത്തില്‍ ഒക്ടോബർ രണ്ടിന് വിപുലമായി ആഘോഷിക്കും. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി കണ്ണൂരില്‍ നിര്‍വഹിക്കും. 14 ജില്ലകളിലെ 1500 ഓളം കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ ഉദ്ഘാടനവും അന്നേ ദിവസം നടക്കും.

തെരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളില്‍ ബൂത്തുകള്‍ക്ക് കീഴിലാണ് യൂണിറ്റ് കമ്മറ്റികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേരളത്തില്‍ രൂപീകൃതമാകുന്ന കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ ആറ്റശേരിയില്‍ കെപിസിസി പ്രസിഡന്‍റ് നിര്‍വഹിച്ചു. ഡിസംബര്‍ 28 ഓടെ ഒരു ലക്ഷത്തോളം യൂണിറ്റ് കമ്മിറ്റികള്‍ നിലവില്‍ വരുമെന്നും കെ സുധാകരന്‍ എംപി അറിയിച്ചു.

‘ഗാന്ധി തന്നെ മാര്‍ഗം’ എന്ന പ്രമേയത്തിലൂന്നി മണ്ഡലം തലത്തില്‍ മഹാത്മാ സ്മൃതിസംഗമങ്ങളും ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ സ്ഥലങ്ങളില്‍ പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. കെപിസിസി ആസ്ഥാനത്ത് വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷിന്‍റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ത്ഥനയും സംഘടിപ്പിക്കും.

വിവിധ ജില്ലകളില്‍ നടക്കുന്ന ഗാന്ധിജയന്തി ആഘോഷങ്ങള്‍ക്ക് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സര്‍ക്കാര്‍ ഒത്താശയോടെ നടന്ന മരം കൊള്ളയ്‌ക്കെതിരെ ഒക്ടോബര്‍ 3 മുതല്‍ 9 വരെ മണ്ഡലം തലത്തില്‍ വ്യക്ഷ മഹോത്സവവാരവും സംഘടിപ്പിക്കും.