
ഗാന്ധി എന്നത് വെറുമൊരു പേരല്ല, അതൊരു മഹത്തായ ചിന്തയാണ്. ഭാരതത്തിന്റെ ആത്മാവില്‍ ആഴ്ന്നിറങ്ങിയ ആ ചിന്തയെ തകര്‍ക്കാന്‍ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പലരും ശ്രമിച്ചു പരാജയപ്പെട്ടുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി . വ്യക്തിയെ ഇല്ലാതാക്കാന്‍ വെടിയുണ്ടകള്‍ക്ക് കഴിഞ്ഞേക്കാം, എന്നാല്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ദര്‍ശനങ്ങളെ കൊല്ലാനാവില്ല. ‘മഹാത്മാഗാന്ധി ഒരു മനുഷ്യനല്ല, മറിച്ച് ഒരു ചിന്തയാണ്’ എന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹം രാജ് ഘട്ടില്‍ ആദരവുകള്‍ അര്‍പ്പിച്ചു.
ഭൗതികമായ ഗാന്ധിയെക്കാള്‍ ഗാന്ധിസം എന്ന ആശയത്തിന്റെ അമരത്വത്തെയാണ് രാഹുല്‍ ഗാന്ധി ഈ വാക്കുകളിലൂടെ അടയാളപ്പെടുത്തുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വം അതിന്റെ ആയുധബലം കൊണ്ട് ഗാന്ധിയെ അടിച്ചമര്‍ത്താന്‍ നോക്കി. വെറുപ്പിന്റെ പ്രത്യയശാസ്ത്രം അദ്ദേഹത്തിന്റെ ശരീരം ഇല്ലാതാക്കി. ഇന്നത്തെ അധികാര കേന്ദ്രങ്ങള്‍ ഗാന്ധിയന്‍ മൂല്യങ്ങളെ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ മൂന്ന് ശക്തികള്‍ക്കും ഗാന്ധി എന്ന ‘ചിന്തയെ’ തൊടാന്‍ പോലും കഴിഞ്ഞില്ല എന്നത് ചരിത്ര സത്യമാണ്. സത്യത്തെ ഭയപ്പെടുന്നവര്‍ക്ക് ഒരിക്കലും ഗാന്ധിയെ തോല്‍പ്പിക്കാനാവില്ല.
അധികാരത്തിന്റെ കരുത്തിനേക്കാള്‍ വലുതാണ് സത്യത്തിന്റെ കരുത്തെന്നും, അക്രമത്തെക്കാള്‍ ധീരമാണ് അഹിംസയെന്നും ഗാന്ധിജി നമുക്ക് പഠിപ്പിച്ചുതന്നു. ഭയമില്ലായ്മയാണ് ഗാന്ധിയന്‍ രാഷ്ട്രീയത്തിന്റെ കാതല്‍. ഭയവും വെറുപ്പും വിദ്വേഷവും പടര്‍ത്തി അധികാരം നേടുന്നവര്‍ക്ക് മുന്നില്‍, സ്നേഹത്തിന്റെയും ധീരതയുടെയും മന്ത്രമാണ് ഗാന്ധി ഉയര്‍ത്തുന്നത്.
ഇന്ത്യയുടെ ജനാധിപത്യം, മതേതരത്വം, സഹിഷ്ണുത എന്നിവ ഗാന്ധിജി എന്ന അടിത്തറയില്‍ പണിതതാണ്. അതുകൊണ്ടുതന്നെ ഗാന്ധി ഇന്ത്യയുടെ ആത്മാവില്‍ ഇന്നും ജീവിക്കുന്നു. ഒരു പ്രത്യയശാസ്ത്രത്തിനും ഗാന്ധിയെ ഇന്ത്യന്‍ മനസ്സുകളില്‍ നിന്ന് ഇറക്കിവിടാന്‍ കഴിയില്ല.
വെറുപ്പിന്റെ വിപണിയില്‍ സ്നേഹത്തിന്റെ കട തുറക്കുക എന്ന രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ സന്ദേശത്തിന്റെ തുടര്‍ച്ച തന്നെയാണ് ഈ വാക്കുകളും. ഗാന്ധി വധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ ആശയങ്ങള്‍ അത്രമേല്‍ ശക്തമായതുകൊണ്ടാണ്. ഇന്നും ആ ആശയങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഗാന്ധി നല്കിയ ആ ‘അടിസ്ഥാന മന്ത്രം’ സത്യത്തിന്റെയും അഹിംസയുടെയും മാര്‍ഗ്ഗം മുറുകെ പിടിക്കുക എന്നതാണ് ഇന്നത്തെ കാലം ആവശ്യപ്പെടുന്ന പോരാട്ടം.