ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കരുത്; ശക്തമായ സമരവുമായി ഗാന്ധി ദര്‍ശന്‍ സമിതി

Jaihind News Bureau
Wednesday, February 18, 2026

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ അടിയന്തരമായി പിന്തിരിയണമെന്ന് ഗാന്ധി ദര്‍ശന്‍ സമിതി ആവശ്യപ്പെട്ടു. ഈ തീരുമാനം നടപ്പിലാക്കിയാല്‍ സംസ്ഥാനത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം വര്‍ദ്ധിക്കുമെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് വി.സി കബീര്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി പരശുവയ്ക്കല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.

രാവിലെ വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളും തൊഴില്‍ തേടി പോകുന്ന ചെറുപ്പക്കാരും ബാറുകള്‍ക്ക് മുന്‍പില്‍ ക്യൂ നില്‍ക്കുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. ഇത് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ തകര്‍ക്കും. ബാര്‍ മുതലാളിമാരെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നും ഭാരവാഹികള്‍ ആരോപിച്ചു.

ജനവിരുദ്ധമായ ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഗാന്ധി ദര്‍ശന്‍ സമിതി വ്യക്തമാക്കി.