ബഹിരാകാശത്തേക്ക് മലയാളിയും; ഗഗന്‍യാന്‍ ദൗത്യത്തില്‍ നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണന്‍ നായരും

Jaihind Webdesk
Tuesday, February 27, 2024

തിരുവനന്തപുരം: തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററിൽ (വിഎസ്എസ്‌സി) പദ്ധതികളുടെ ഉദ്ഘാടനത്തിൽ ‘ഗഗൻയാൻ’ ദൗത്യത്തിന്‍റെ ഭാഗമായി പരിശീലനം നടത്തുന്ന ബഹിരാകാശ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലൂടെ മലയാളിയും ആദ്യമായി ബഹിരാകാശത്തേക്ക്. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ബഹിരാകാശത്തേക്കു പോകുന്ന നാലു പേരിലെ മലയാളി. വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് സുഖോയ് വിമാനപൈലറ്റാണ്.

ഗ്രൂപ്പ് ക്യാപ്റ്റനായ മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അങ്കത് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് ദൗത്യത്തിൽ പങ്കെടുക്കുന്ന 4 ടെസ്റ്റ് പൈലറ്റുമാർ. പാലക്കാട് നെന്മാറ കൂളങ്ങാട് പ്രമീളയുടെയും വിളമ്പില്‍ ബാലകൃഷ്ണന്‍റേയും മകനാണ് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. സുഖോയ് യുദ്ധവിമാന പൈലറ്റായ പ്രശാന്ത് വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജില്‍ നിന്നും ഒന്നാം റാങ്കോടെയാണ് ബിരുദം പാസായത്. 1998 ല്‍ ഹൈദരാബാദ് വ്യേമസേന അക്കാദമിയില്‍ നിന്നും സ്വോര്‍ഡ് ഓഫ് ഓണര്‍ നേടി. പാലക്കാട് അകത്തേത്തറ എന്‍എസ്എസ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കെയാണ് എന്‍ഡിഎയില്‍ ചേര്‍ന്നത്. ദൗത്യം വിജയിച്ചാൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.