ദേശീയപാതാ വികസനം: 25 ശതമാനം ചെലവ് വഹിക്കാമെന്ന ഉറപ്പില്‍ നിന്ന് കേരളം പിന്മാറി; മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി ഗഡ്കരി

Jaihind Webdesk
Thursday, December 15, 2022

 

ന്യൂഡല്‍ഹി: ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചിലവിന്‍റെ വിഹിതം നല്‍കാനാവില്ലെന്ന് കേരളം അറിയിച്ചതായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഭൂമി ഏറ്റെടുക്കല്‍ വിലയുടെ 25 ശതമാനം നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതില്‍ നിന്നാണ് കേരളം പിന്നോട്ടുപോയത്. ദേശീയപാതാ വികസനം കേരളത്തില്‍ വെല്ലുവിളിയാണെന്നും സംസ്ഥാനത്ത് ഒരു കിലോ മീറ്റര്‍ റോഡ് നിര്‍മിക്കാന്‍ 100 കോടി ചെലവുണ്ടെന്നും നിതിന്‍ ഗഡ്കരി ലോക്സഭയെ അറിയിച്ചു.

റോഡ് നിർമാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ 25 ശതമാനം വിഹിതം നല്‍കാമെന്ന് കേരള മുഖ്യമന്ത്രി സമ്മതിച്ചിരുന്നതാണ്. എന്നാല്‍ ഈ നിലപാടില്‍ നിന്നും കേരളം പിന്നോട്ടുപോയതായി ഗഡ്കരി പറഞ്ഞു. ഇതിനെ തുടര്‍ന്ന് നിര്‍മാണത്തിന്‍റെ ഭാഗമായി ഈടാക്കുന്ന ജിഎസ്ടി ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.  നിർമാണ സാമഗ്രികളുടെ റോയൽറ്റി ഒഴിവാക്കിയും സർക്കാർ ഭൂമി സൗജന്യമായി തന്നും റോഡ് നിർമാണത്തിൽ സഹകരിക്കാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. രാജ്യത്തെ ദേശീയപാതാ വികസനം സംബന്ധിച്ച വെല്ലുവിളികളെ കുറിച്ച് വിശദീകരിക്കവേയാണ് കേരളത്തിലെ സ്ഥിതിയെ കുറിച്ച് ഗഡ്കരി പറഞ്ഞത്. കേരളത്തില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മിക്കണമെങ്കില്‍ നൂറുകോടി ചെലവുവരും. ഭൂമിയേറ്റെടുക്കല്‍ തുക ഉള്‍പ്പെടെയാണിത്.

നേരത്തെ ദേശീയപാതാവികസനം തടസപ്പെട്ടുനിന്നപ്പോള്‍ ഭൂമിയേറ്റെടുക്കല്‍ ചെലവിന്‍റെ 25 ശതമാനം വഹിക്കാമെന്ന നിര്‍ദേശം കേരളം തന്നെയാണ് മുന്നോട്ടുവെച്ചത്. ദേശീയപാത 66 ന്‍റെ വികസനത്തിനു വേണ്ടി 2019 ഒക്‌ടോബറിലാണ് സംസ്ഥാനവും കേന്ദ്രവും ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്.  കേരളത്തിലെത്തി കൂടുതല്‍ ചർച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി ലോക്സഭയില്‍ പറഞ്ഞു. 719 ദേശീയപാതാ പദ്ധതികളാണ് കാലതാമസം നേരിടുന്നത്.