കോടിയേരിയ്ക്ക് മറുപടിയുമായി ജി.സുകുമാരൻ നായർ

Jaihind Webdesk
Tuesday, February 5, 2019

NSS-G-Sukumaran Nair

എൻഎസ്എസിനെ കോടിയേരി രാഷ്ട്രീയം പഠിപ്പിക്കണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർ. എൻഎസ്എസിനെതിരെ വാളോങ്ങാൻ കോടിയേരിക്കോ കോടിയേരിയുടെ അനുയായികൾക്കോ ധാർമികമായ യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ എൻഎസ്എസിന്‍റെ നിലപാടിനെ വിമർശിക്കാൻ ആർക്കും അവകാശമില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.  ഇക്കാര്യത്തില്‍ ആരെയും ഭയപ്പെടുത്താന്‍ എന്‍എസ്എസിന് ഉദ്ദേശമില്ലെന്നും ആരുമായും നിഴല്‍ യുദ്ധത്തിന് ഇല്ലെന്നും സിപിഎമ്മിന്‍റെയെന്നല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആഭ്യന്തര കാര്യങ്ങളില്‍ എന്‍എസ്എസ് ഇടപെട്ടിട്ടില്ലെന്നും സുകുമാരന്‍ നായര്‍ തുടര്‍ന്നു.

ശബരിമല വിധി നടപ്പാക്കുന്ന കാര്യത്തില്‍ കോടതിയോട് സാവകാശം ചോദിക്കാതെയും വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെയും പെട്ടെന്ന് തന്നെ വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഈ നടപടികളിലേയ്ക്ക് സര്‍ക്കാര്‍ നീങ്ങിയ അവസരത്തില്‍ തന്നെ സര്‍ക്കാരിനെ നയിക്കുന്ന പ്രധാന പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ വിളിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തിടുക്കം കാണിക്കരുതെന്ന് കോടതിയില്‍ ഒരു സാവകാശ ഹര്‍ജി ഫയല്‍ ചെയ്ത് റിവ്യൂ ഹര്‍ജിയുടെ തീരുമാനം വരുന്നത് വരെ നടപടികള്‍ തത്കാലത്തേയ്ക്ക് നിര്‍ത്തിവയ്ക്കുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും അനുകൂലമായ നടപടി ഒന്നും ഉണ്ടായില്ലെന്നും പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകുന്നതാണ് പിന്നീട് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു സാമൂഹ്യ സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ആളെന്ന നിലയില്‍ വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തില്‍ കോടിയേരിയെ വീണ്ടും ഫോണില്‍ ബന്ധപ്പെട്ടു. നിരീശ്വരവാദികളായ ആക്ടിവിസ്റ്റുകളെ  വമ്പിച്ച പോലീസ് സന്നാഹത്തോടെ സന്നിധാനത്തിലേയ്ക്ക് കയറ്റിക്കൊണ്ട് പോയപ്പോള്‍ വിശ്വാസികളുടെ മനോവേദന മനസ്സിലാക്കി ഇതൊന്ന് നിര്‍ത്തിവയ്ക്കുന്ന പക്ഷം ആരുടെ കാല് വേണമെങ്കിലും പിടിക്കാമെന്നും എന്നുവരെ അറിയിച്ചുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.  ഇതും ഫലം കാണാതിരുന്നപ്പോള്‍ ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിയെയും കണ്ടുവെന്നും അതിനെയും അവഗണിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോയപ്പോഴാണ് ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ വിശ്വാസി സമൂഹത്തോടൊപ്പം ഉറച്ച് നില്‍ക്കാന്‍  തീരുമാനിച്ചതെന്നും ഇതില്‍ രാഷ്ട്രീയമൊന്നും കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.   ഇത് കൊണ്ട് തന്നെ എൻഎസ്എസിനെതിരെ വാളോങ്ങാനോ  എൻഎസ്എസിന്‍റെ നിലപാടിനെ വിമർശിക്കാനോ  രാഷ്ട്രീയം പഠിപ്പിക്കനോ  കോടിയേരിക്കോ കോടിയേരിയുടെ അനുയായികൾക്കോ ധാർമികമായ യാതൊരു അവകാശവുമില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.