എസ്എന്‍ഡിപിയുമായി ഐക്യത്തിനില്ല; രാഷ്ട്രീയക്കളിയുണ്ടെന്ന് ജി. സുകുമാരന്‍ നായര്‍

Jaihind News Bureau
Wednesday, February 4, 2026

എസ്എന്‍ഡിപിയുമായുള്ള ഐക്യനീക്കം ഇനി സാധ്യമല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഐക്യം പ്രായോഗികമല്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് താന്‍ തന്നെയാണ് ഈ നിര്‍ദ്ദേശം ഡയറക്ടര്‍ ബോര്‍ഡില്‍ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡിലെ 26 അംഗങ്ങളും ഐക്യം വേണ്ടെന്ന തീരുമാനത്തോട് ഐക്യകണ്‌ഠേന യോജിക്കുകയായിരുന്നു.

ഐക്യനീക്കത്തിന് പിന്നില്‍ രാഷ്ട്രീയക്കളികളുണ്ടെന്നും അതുകൊണ്ടാണ് എന്‍എസ്എസ് പിന്മാറുന്നതെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. എന്‍എസ്എസിന്റെ പ്രഖ്യാപിത നയങ്ങളായ ‘സമുദായ സൗഹാര്‍ദ്ദവും’ ‘സമദൂര നിലപാടും’ ഉയര്‍ത്തിപ്പിടിച്ചാണ് ഈ തീരുമാനം. രാഷ്ട്രീയ പക്ഷമുള്ളവരുമായി സഖ്യത്തിലോ ഐക്യത്തിലോ ഏര്‍പ്പെടാന്‍ സംഘടനയ്ക്ക് സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദു ഐക്യം എന്ന വിഷയത്തില്‍ തങ്ങള്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. തുഷാര്‍ വെള്ളാപ്പള്ളി ഐക്യത്തിനായി താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, ഐക്യത്തിന്റെ പോക്ക് എന്‍എസ്എസ് നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പിന്മാറ്റമെന്ന് അദ്ദേഹം വിശദീകരിച്ചു. എന്‍എസ്എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ലെന്നും എന്നാല്‍ ഒരു പാര്‍ട്ടിയോടും പ്രത്യേക മമതയില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.