G Sukumaran Nair NSS | എന്‍.എസ്.എസ്. നിലപാടില്‍ മാറ്റമില്ല: ‘സമദൂരം’ തുടര്‍ന്ന് മുന്നോട്ട് പോകുമെന്ന് ജി. സുകുമാരന്‍ നായര്‍

Jaihind News Bureau
Saturday, September 27, 2025

പെരുന്ന: എന്‍.എസ്.എസ്. (നായര്‍ സര്‍വീസ് സൊസൈറ്റി) അതിന്റെ ‘സമദൂര’ രാഷ്ട്രീയ നിലപാട് തുടരുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ശബരിമല വിഷയത്തിലെ നിലപാട് രാഷ്ട്രീയമായി കാണേണ്ടെന്നും സംഘടനയുടെ രാഷ്ട്രീയ നിലപാടുകളില്‍ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് പെരുന്നയില്‍ ചേര്‍ന്ന പ്രതിനിധി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍, ഈ വിഷയത്തിലുള്ള എല്ലാ അഭ്യൂഹങ്ങള്‍ക്കും അദ്ദേഹം വിരാമമിട്ടു. മന്നത്ത് പത്മനാഭന്‍ സ്വീകരിച്ച നിലപാടുകള്‍ അതേപടി മുന്നോട്ട് കൊണ്ടുപോകുമെന്നും എന്‍.എസ്.എസ്. ഒരു പാര്‍ട്ടിയോടും പ്രത്യേക മമത കാണിക്കുന്നില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ്. സ്വീകരിച്ച നിലപാടുകള്‍ക്ക് രാഷ്ട്രീയ മാനമില്ലെന്നും അത് വിശ്വാസികളുടെ വികാരങ്ങള്‍ക്കൊപ്പമുള്ള നിലപാടായിരുന്നു എന്നും അദ്ദേഹം പ്രതിനിധികളെ ബോധ്യപ്പെടുത്തിയതായി അറിയിച്ചു. ഈ നിലപാട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയോ അനുകൂലിച്ചോ ആയിരുന്നില്ലെന്നും, സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്ന എന്‍.എസ്.എസ്സിന്റെ പരമ്പരാഗത ശൈലിയുടെ ഭാഗമായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു. അതിന് പ്രതിനിധികളുടെ പിന്തുണ കിട്ടിയതായും അദ്ദേഹം പറഞ്ഞു.