മഞ്ജു വാര്യരുടെ സാമൂഹ്യ ബോധത്തിന്റെ കണ്ണാടി മാറേണ്ട സമയമായി: ജി.സുധാകരന്‍

തിരുവനന്തപുരം: വനിതാ മതിലിന് ആദ്യം പിന്തുണ നല്‍കുകയും, പിന്നീട് നിലപാടില്‍ മാറ്റം വരുത്തുകയും ചെയ്ത നടി മഞ്ജു വാര്യരെ വിമര്‍ശിച്ച് മന്ത്രി ജി.സുധാകരന്‍. വനിതാ മതിലിന് രാഷ്ട്രീയനിറം വന്നതുകൊണ്ടാണ് പിന്തുണ പിന്‍വലിക്കുന്നതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് അവരുടെ കണ്ണാടിയുടെ കുഴപ്പമായിരിക്കുമെന്നും ഇതില്‍ രാഷ്ട്രീയ നിറമില്ലെന്നും മന്ത്രി മറുപടി പറഞ്ഞു.

”അവര്‍ വലിയ കലാകാരിയാണ്. എനിക്ക് ഏറെ ബഹുമാനമുള്ള കലാകാരിയാണ്. പക്ഷേ അവരുടെ സോഷ്യല്‍ സ്‌പെക്ടക്കിള്‍, അതായത് അവരുടെ സാമൂഹ്യ കണ്ണാടി, മാറേണ്ട സമയമായി. ആ കണ്ണാടി കുറച്ച് പഴയതാണ്, അതുകൊണ്ടാണ് രാഷ്ട്രീയ നിറമുണ്ടെന്ന് തോന്നിയത്. അതല്ലാതെ അവരുടെ കലാപരമായ കഴിവുകളോട് വളരെ ബഹുമാനമുണ്ട്,” സുധാകരന്‍ പറഞ്ഞു.

മഞ്ജു വാര്യര്‍ വനിതാ മതിലിന് പിന്തുണ പിന്‍വലിച്ചതിനെതിരെ പി.കെ.ശ്രീമതി, ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവരും രംഗത്തെത്തിയിരുന്നു. ഒരു കാര്യത്തെക്കുറിച്ച് വ്യക്തമായി അറിയാതെ മഞ്ജുവിനെ പോലുള്ളവര്‍ ഇറങ്ങിപ്പുറപ്പെടരുതെന്ന് ശ്രീമതി ടീച്ചറും, മഞ്ജുവിനെ കണ്ടല്ല വനിതാ മതിലിന് ഒരുങ്ങിയതെന്ന് മേഴ്സിക്കുട്ടിയമ്മയും പറഞ്ഞിരുന്നു.
ആദ്യം വനിതാ മതിലിനെ അനകൂലിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത മഞ്ജു വാര്യര്‍ മണിക്കൂറുകള്‍ക്കകം ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു.

Comments (0)
Add Comment