തപാല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തി എന്ന് വെളിപ്പെടുത്തലില്‍ മുന്‍ മന്ത്രി ജി.സുധാകരനെതിരെ കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം കേസെടുത്തത്. തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വിവാദ പ്രസംഗമായിരുന്നു മുന്‍മന്ത്രി ജി സുധാകരന്‍ നടത്തിയത്. CPM സ്ഥാനാര്‍ത്ഥിക്കായി തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് ജി സുധാകരന്‍ പരാമര്‍ശം നടത്തിയിരുന്നു. 36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച് കെ വി ദേവദാസിനായാണ് കൃത്രിമം നടത്തിയതെന്നും ഇനി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരന്‍ പറഞ്ഞു. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ജി സുധാകരന്റെ വിവാദ പ്രസംഗം.
എന്നാല്‍, തപാല്‍ വോട്ടില്‍ കൃത്രിമം നടത്തിയെന്ന വിവാദ പ്രസ്താവന പിന്നീട് അദ്ദേഹം തിരുത്തുകയായിരുന്നു. താന്‍ പൊതുവേ പറഞ്ഞ കാര്യമാണതെന്നും ഒരു തവണ പോലും ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. സിപിഐയുടെ കടക്കരപ്പള്ളി ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായുള്ള കുടുംബ സംഗമത്തിലാണ് ജി സുധാകരന്‍ വിവാദ പ്രസ്താവന തിരുത്തിയത്. പറഞ്ഞതില്‍ അല്‍പം ഭാവന കൂട്ടി പറഞ്ഞാതാണെന്നും ഒരിക്കലും കള്ളവോട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.