പാര്‍ട്ടി അംഗത്വം പുതുക്കില്ല: കടുത്ത നിലപാടുമായി ജി സുധാകരന്‍

Jaihind News Bureau
Wednesday, March 4, 2026

ആലപ്പുഴ: പാര്‍ട്ടി അംഗത്വം പുതുക്കാന്‍ തയ്യാറാകാതെ മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍. 63 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം മെമ്പര്‍ഷിപ്പിന് പുറത്തുനില്‍ക്കുന്നത്. ആലപ്പുഴ ജില്ലാ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷക ബ്രാഞ്ചിലെ അംഗമാണ് ജി. സുധാകരന്‍.

ബ്രാഞ്ച് സെക്രട്ടറി നേരിട്ട് വീട്ടിലെത്തിയിട്ടും മെമ്പര്‍ഷിപ്പ് പുതുക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. അംഗത്വം പുതുക്കുന്നതിനായി വീട്ടിലെത്തിച്ച സ്‌ക്രൂട്ടിണി ഫോം പൂരിപ്പിച്ചു നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ജില്ലാ കമ്മിറ്റിക്ക് നേരിട്ട് ചുമതലയുള്ള ഈ ബ്രാഞ്ചിലെ ആകെയുള്ള 18 അംഗങ്ങളില്‍ സുധാകരന്‍ ഒഴികെ 17 പേരും ഫോം പൂരിപ്പിച്ചു നല്‍കി. ഇവരുടെ ഫോമുകള്‍ ബ്രാഞ്ച് സെക്രട്ടറി ജില്ലാ കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം സുധാകരന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ തയ്യാറാക്കിയ പട്ടികയില്‍ അദ്ദേഹത്തിന് സീറ്റില്ല. സുധാകരനെ മത്സരരംഗത്തേക്ക് പരിഗണിക്കുമോ എന്ന ചോദ്യത്തിന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നല്‍കിയ പരിഹാസരൂപേണയുള്ള മറുപടിയാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. വര്‍ഷങ്ങളായി പാര്‍ട്ടിയുടെ സജീവ മുഖമായിരുന്ന മുതിര്‍ന്ന നേതാവ് മെമ്പര്‍ഷിപ്പ് പുതുക്കാതെ മാറിനില്‍ക്കുന്നത് ഗൗരവകരമായ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.